ആലപ്പുഴ ഹെബ്രിഡ് കഞ്ചാവ് കേസ് : പ്രതികൾക്കായി പ്രത്യേക ചോദ്യാവലിയുമായി എക്സൈസ്

03:53 PM Apr 21, 2025 |


കൊച്ചി: ആലപ്പുഴയിൽ ര​ണ്ടു​കോ​ടി​യു​ടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ പ്രത്യേക ചോദ്യാവലി തയാറാക്കി എക്സൈസ് വകുപ്പ്. പ്രതികളെ ചോദ്യം ചെയ്യാൻ നൂറിലധികം ചോദ്യങ്ങളാണ് തയാറാക്കുന്നത്. 25ലധികം ചോദ്യങ്ങൾ സിനിമ മേഖലയിൽ നിന്നു മാത്രമാണ്. ഉപചോദ്യങ്ങൾ വേറെയുമുണ്ട്.

കേസിലെ പ്രധാന പ്രതി തസ്‍ലിമ സുൽത്താന, ഭർത്താവ് സുൽത്താൻ അക്ബർ അലി, സഹായി ഫിറോസ് എന്നിവരാണ് ഹെബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായത്. പ്രതികളുടെ മൊബൈലിൽനിന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഏ​പ്രി​ൽ ഒ​ന്നി​നാണ്​ ആ​ല​പ്പു​ഴ​യി​ൽ ഹൈബ്രിഡ് കഞ്ചാവുമായി ഇവർ പിടിയിലായത്.

ചോദ്യം ചെയ്യാനായി പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. ഷൈൻ ടോം ചാക്കോയും തസ്‍ലിമയുമായുള്ള ബന്ധം അന്വേഷണ സംഘം പരിശോധിക്കും. അതിനിടെ, പി​ടി​യി​ലാ​യ ത​സ്‍ലിമയുമാ​യു​ള്ള വാ​ട്സാ​പ്പ് ചാ​റ്റ് പു​റ​ത്തു​വ​ന്ന​തോ​ടെ അ​റ​സ്റ്റ്​ ചെ​യ്യാ​ൻ സാ​ധ്യ​ത​യു​​ണ്ടെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി നടൻ ശ്രീ​നാ​ഥ് ഭാ​സി ഹ​ര​ജി ന​ൽ​കി​യിരുന്നു. പിന്നീട് നടൻ ഹരജി പിൻവലിച്ചു.

ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി സ​ർ​ക്കാ​റി​ൻറെ വി​ശ​ദീ​ക​ര​ണം തേ​ടു​ക​യും 22ന്​ ​വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റു​ക​യും ചെ​യ്ത​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ പി​ൻ​വ​ലി​ക്കാ​ൻ കോ​ട​തി​യോ​ട്​ അ​നു​മ​തി തേ​ടി​യ​ത്. തു​ട​ർ​ന്ന്​ ജ​സ്റ്റി​സ്​ പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ ഹ​ര​ജി പി​ൻ​വ​ലി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. നടൻ ഷൈൻ ടോം ചാക്കോക്കും ശ്രീനാഥ് ഭാസിക്കും കഞ്ചാവ് നൽകിയതായി തസ്‍ലിമ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു.