ശബരിമല : ഭക്തർ കൊണ്ടുവരുന്ന അരി ചാക്കിലാക്കി വലിയ അട്ടിയായി സൂക്ഷിച്ചിരിക്കുന്നത് അപകട ഭീഷണി ഉയർത്തുന്നതായി കാട്ടി സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ ഹൈക്കോടതിക്ക് റിപ്പോർട്ട് നല്കി. ഭക്തർ കൊണ്ടുവരുന്ന അരി കൊൺട്രാക്ടർമാർ ശേഖരിച്ച് സന്നിധാനത്ത് അരവണ കൗണ്ടറിന് സമീപത്ത് വെള്ള നിവേദ്യ കൗണ്ടറിന് മുന്നിലും മാളികപ്പുറത്തിന് സമീപവുമാണ് അട്ടിയാക്കി വച്ചിരിക്കുന്നത്.
വലിയ ഉയരത്തിലാണ് അരിച്ചാക്ക് അടുക്കിയിരിക്കുന്നത്. ചാക്ക്കെകെട്ട് താഴേക്ക് വീണാൽ താഴെ ഇരിക്കുന്നവരുടെ ദേഹത്ത് വീഴാനുള്ള സാധ്യതയും ഉണ്ട്. അതിനാൽ ഈ ഭാഗങ്ങളിൽ നിന്ന് അരി ഉടൻ നീക്കം ചെയ്യണമെന്ന് കരാറുകാരോട് ആവശ്യപ്പെടാൻ ദേവസ്വം അധികൃതർക്ക് നിർദ്ദേശം നല്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കരാറുകാർ നീക്കം ചെയ്യുന്നതിന് പരാജയപ്പെട്ടാൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കാട്ടിയാണ് സ്പെഷ്യൽ കമീഷണർ കോടതിക്ക് റിപ്പോർട്ട് നല്കിയത്.