+

ജമ്മുവിലെ സി.ആർ.പി.എഫ് കോൺസ്റ്റബിളിന്റെ പാക് വധുവിനെ നാടുകടത്തുന്നത് തടഞ്ഞ് ഹൈകോടതി

ജമ്മുവിൽ നിന്നുള്ള സി.ആർ.പി.എഫ് ജവാനെ വിവാഹം കഴിച്ച പാക് പൗരയായ മിനാൽ ഖാന് ജമ്മു കശ്മീർ ഹൈകോടതിയുടെ വിധിയിൽ അവസാന നിമിഷം ആശ്വാസം. മിനാൽ ഖാനെ ദീർഘകാല വിസ അപേക്ഷയിൽ തീരുമാനമെടുക്കുന്നതുവരെ നാടുകടത്തുന്നത് കോടതി തടഞ്ഞു.

ശ്രീനഗർ: ജമ്മുവിൽ നിന്നുള്ള സി.ആർ.പി.എഫ് ജവാനെ വിവാഹം കഴിച്ച പാക് പൗരയായ മിനാൽ ഖാന് ജമ്മു കശ്മീർ ഹൈകോടതിയുടെ വിധിയിൽ അവസാന നിമിഷം ആശ്വാസം. മിനാൽ ഖാനെ ദീർഘകാല വിസ അപേക്ഷയിൽ തീരുമാനമെടുക്കുന്നതുവരെ നാടുകടത്തുന്നത് കോടതി തടഞ്ഞു.

ഘരോട്ടെ നിവാസിയായ സി.ആർ.പി.എഫ് കോൺസ്റ്റബിൾ മുനീർ ഖാൻ രണ്ടര മാസം മുമ്പാണ് പാക് അധീന കശ്മീരിലെ തന്റെ ബന്ധുവായ മിനാൽ ഖാനെ വിവാഹം കഴിച്ചത്. മുനീറിൽനിന്ന് തന്നെ വേർപെടുത്തരുതെന്ന് മിനാൽ നേരത്തെ സർക്കാറിനോട് അഭ്യർഥിച്ചിരുന്നു. ഒമ്പതു വർഷത്തെ കാത്തിരിപ്പിനുശേഷം കഴിഞ്ഞ വർഷമാണ് തനിക്ക് താൽക്കാലിക വിസ ലഭിച്ചതെന്നും അവർ പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ ‘ഇന്ത്യ വിടുക’ ഉത്തരവ് ഇരുവരുടെയും ജീവിതത്തിൽ കരിനിഴൽ പടർത്തി. പാകിസ്താനിലേക്ക് നാടുകടത്തുന്നതിനായി ചൊവ്വാഴ്ച മിനാൽ ഖാനെ അട്ടാരി അതിർത്തിയിലേക്ക് അയച്ചിരുന്നു. ബുധനാഴ്ച കോടതി താൽക്കാലിക സ്റ്റേ അനുവദിച്ച വിധി വന്നതിനെ തുടർന്ന് അവർ അതിർത്തിയിൽ നിന്ന് ജമ്മുവിലെ ഭർതൃവീട്ടിലേക്ക് മടങ്ങിയെന്ന് അവരുടെ അഭിഭാഷകൻ അങ്കൂർ ശർമ പഞ്ഞു.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽനിന്ന് രണ്ട് തരം പാക് പൗരന്മാരെ ഒഴിവാക്കിയിട്ടുണ്ടെന്ന് ശർമ പറഞ്ഞു. നയതന്ത്ര വിസകളും ദീർഘകാല വിസകളും കൈവശമുള്ളവർ. മിനാൽ ദീർഘകാല വിസക്ക് അപേക്ഷിച്ചതായും അതിനുള്ള അഭിമുഖത്തിന് ഹാജരായതായും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന് അനുകൂല ശിപാർശ ലഭിച്ചതായും റിപ്പോർട്ടുണ്ട്.

‘കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിനെത്തുടർന്ന് അവരെ തിരിച്ചയച്ചു’ -അവരുടെ വിസ അപേക്ഷയുടെ ഫലത്തെ ആശ്രയിച്ചിരിക്കും നാടുകടത്തൽ നില എന്ന് ശർമ പറഞ്ഞു.

നാടുകടത്തൽ നേരിടുന്ന ജമ്മുവിൽ നിന്നുള്ള ഒരു പൊലീസ് കോൺസ്റ്റബിളിന്റെ എട്ടു സഹോദരങ്ങളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാൻ കോടതിയുടെ ഇടപെടൽ നേരത്തെ സഹായിച്ചിരുന്നു.

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിനെത്തുടർന്ന് കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ 55 നയതന്ത്രജ്ഞരും അവരുടെ ആശ്രിതരും അനുബന്ധ ജീവനക്കാരും പാക് വിസയുള്ള എട്ട് ഇന്ത്യക്കാരും ഉൾപ്പെടെ 786 പാക് പൗരന്മാർ അട്ടാരി-വാഗ അതിർത്തി വഴി ഇന്ത്യ വിട്ടതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

ഏപ്രിൽ 24 മുതൽ പഞ്ചാബിലുള്ള അന്താരാഷ്ട്ര അതിർത്തി വഴി പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നത് 25 നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 1,465 ഇന്ത്യക്കാരും ദീർഘകാല ഇന്ത്യൻ വിസയുള്ള 151 പാകിസ്താൻ പൗരന്മാരുമാണ്.

ഏപ്രിൽ 25ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ വിളിച്ച് രാജ്യം വിടാൻ നിശ്ചയിച്ച സമയപരിധി കഴിഞ്ഞിട്ടും ഇന്ത്യയിൽ ഒരു പാകിസ്താനിയും താമസിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ആവശ്യപ്പെട്ടു.
 

facebook twitter