സാധാരണ ഒരു പ്രദേശത്തിനു മൊത്തമായി ഒരു പിൻകോഡ് ആയിരിക്കും ഉണ്ടാകുക. എന്നാൽ ഒരു വ്യക്തിയ്ക്ക് മാത്രം സ്വന്തമായി പിൻകോഡ് ഉണ്ടെന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ ? നമ്മുടെ രാജ്യത്ത് അങ്ങനെ രണ്ടു വ്യക്തികൾക്കു മാത്രമേ സ്വന്തമായി പിൻകോഡ് സംവിധാനം ഉള്ളൂ. ഇന്ത്യയിൽ സ്വന്തമായി തപാൽ പിൻകോഡുള്ള ആ രണ്ട് പേരാണ് ശബരിമല അയ്യപ്പനും ഇന്ത്യൻ പ്രസിഡന്റും. രാജ്യത്താകമാനം 1,54,500 പിൻകോഡുകൾ നിലവിലുണ്ട്. രാഷ്ട്രപതിയുടെ പിൻകോഡ് 110004. രാഷ്ട്രപതി ഭവൻ തപാൽ സബ് ഓഫീസാണിത്. ശബരിമല സന്നിധാനം തപാൽ ഓഫീസിന്റെ പിൻകോഡ് 689713.
ഇപ്പോഴിതാ രാജ്യം ഒരു ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ തയ്യാറെടുക്കുകയാണ്. സ്വന്തമായി തപാൽ പിൻകോടുള്ള ഇന്ത്യയിലെ ആ രണ്ടേ രണ്ടു വ്യക്തികൾ നേരിൽ കണ്ടുമുട്ടുകയാണ് നാളെ. ആ ചരിത്ര നിമിഷത്തിനു നാളെ ശബരിമല സാക്ഷ്യം വഹിക്കും. രാഷ്ട്രപതി ദ്രൗപതി മുർമു അയ്യപ്പ സ്വാമിയെ ദർശിക്കാൻ കേരളത്തിൽ എത്തുകയാണ്. ബുധനാഴ്ചയാണ് ശബരിമല ദർശനം നടത്തുക. നാളെ രാവിലെ ഹെലിപാഡിൽ നിലയ്ക്കലിൽ എത്തിയ ശേഷം റോഡ് മാർഗമായിരിക്കും പമ്പയിലേക്ക് പോകുക. ഉച്ചയോടെയായിരിക്കും രാഷ്ട്രപതിയുടെ ശബരിമല ദർശനം. അയ്യപ്പ സ്വാമിയുടെയും രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെയും കണ്ടുമുട്ടൽ ഒരു അപൂർവ കാഴ്ചയാണ്. സ്വന്തമായി തപാൽ പിൻകോടുള്ള രണ്ടു വ്യക്തികൾ തമ്മിലുള്ള കൂടിക്കാഴ്ച ഒരു അപൂർവ നിമിഷം കൂടിയാണ്.
അതെ സമയം, വർഷത്തിൽ മൂന്നുമാസം മാത്രമാണ് അയ്യപ്പസ്വാമിയുടെ പിൻകോഡും തപാൽ ഓഫീസും സജീവമായിരിക്കുക. ഉത്സവകാലം കഴിയുന്നതോടെ പിൻകോഡ് നിർജീവമാകും. മണ്ഡല മകര വിളക്ക് കാലത്തു മാത്രമാണ് ഓഫീസിന്റെ പ്രവർത്തനം. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉൾപ്പെടുന്നതാണ് ഇവിടുത്തെ തപാൽമുദ്ര. രാജ്യത്ത് മറ്റൊരിടത്തും തപാൽവകുപ്പ് ഇത്തരം വേറിട്ട തപാൽമുദ്രകൾ ഉപയോഗിക്കുന്നില്ല.
ഈ മുദ്ര ചാർത്തിയ കത്തുകൾ വീടുകളിലേക്കും പ്രിയപ്പെട്ടവർക്കും അയയ്‌ക്കാൻ നിരവധി തീർത്ഥാടകരാണ് നിത്യവും സന്നിധാനം തപാൽ ഓഫീസിലെത്തുന്നത്. ഉത്സവകാലം കഴിഞ്ഞാൽ ഈ തപാൽമുദ്ര പത്തനംതിട്ട പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന്റെ ലോക്കറിലേക്ക് മാറ്റും. പിന്നെ അടുത്ത ഉത്സവകാലത്താണ് ഈ മുദ്ര പുറത്ത് കൊണ്ടുവരിക .
വിഷമങ്ങളും ,ആവലാതികളും നിറഞ്ഞ കത്തുകൾ , വീട്ടിലെ വിശേഷങ്ങളുടെ ആദ്യക്ഷണക്കത്തുകൾ തുടങ്ങി ഒരുവർഷം വായിച്ചാൽ തീരാത്തത്ര എഴുത്തുകളാണ് അയ്യപ്പന്റെ പേരുവെച്ച് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഭക്തർ അയയ്‌ക്കുന്നത്. ഈ കത്തുകൾ അയ്യപ്പന് മുന്നിൽ സമർപ്പിച്ച ശേഷം എക്‌സിക്യൂട്ടീവ് ഓഫീസർക്ക് കൈമാറുകയാണ് പതിവ്.