+

ഹിറ്റടിക്കാൻ സർക്കീട്ടുമായി ആസിഫ് അലി

തമറിന്റെ സംവിധാനത്തിൽ ആസിഫ് അലി നായകനാകുന്ന സർക്കീട്ടിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഗൾഫിൽ ജീവിക്കുന്ന ആസിഫ് അലിയുടെ കഥാപാത്രവും ഒരു കുട്ടിയും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. 
തമറിന്റെ സംവിധാനത്തിൽ ആസിഫ് അലി നായകനാകുന്ന സർക്കീട്ടിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഗൾഫിൽ ജീവിക്കുന്ന ആസിഫ് അലിയുടെ കഥാപാത്രവും ഒരു കുട്ടിയും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ ആസിഫ് അലിക്കൊപ്പം ദിവ്യ പ്രഭ, ദീപക് പറമ്പോൾ, രമ്യ സുരേഷ്, സ്വാതി ദാസ് പ്രഭു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.
ഹൈപ്പർ ആക്റ്റീവ് ആയ കുട്ടിയെ നോക്കാൻ എത്തുന്ന ഷാഡോ ടീച്ചർ ആയാണ് ആസിഫ് അലി അഭിനയിച്ചിരിക്കുന്നത്. ആയിരത്തൊന്ന് നുണകൾ എന്ന ഏറെ നിരൂപക ശ്രദ്ധ നേടിയ ചിത്രമാണ് സംവിധായകൻ തമറിന്റെ മുൻപത്തെ സംവിധാന സംരംഭം. തമിഴിലും മലയാളത്തിലും ഏറ്റവും ശ്രദ്ധേയനായ സംഗീത സംവിധായകരിലൊരാളായ ഗോവിന്ദ വസന്തയുടെ സംഗീതം ചിത്രത്തിന്റെ ഒരു പ്രധാന ആകർഷണ ഘടകമാണ്.
അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തും, ഫ്‌ളോറിൻ ഡൊമിനിക്കും ചേർന്നാണ് സർക്കീട്ട് നിർമ്മിച്ചിരിക്കുന്നത്. പ്രേമലു, ഹൃദയം തുടങ്ങിയ ചിത്രങ്ങളിൽ അഭിനേതാവായും മികച്ച എഡിറ്റിങ്ങിനുള്ള സംസ്ഥാന പുരസ്കാരവും നേടിയ സംഗീത് പ്രതാപാണ് സർക്കീട്ടിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.
കിഷ്‌കിന്ധ കാണ്ഡം, രേഖാചിത്രം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക്ശേഷം ആസിഫ് അലിയുടേതായി പുറത്തിറങ്ങിയ ആഭ്യന്തര കുറ്റവാളിയെന്ന ചിത്രം നിർമാണത്തെ സംബന്ധിച്ച തർക്കത്തെ തുടർന്ന് നിയമക്കുരുക്കിൽ പെട്ടത് അടുത്തിടെ വാർത്തയായിരുന്നു. മലയാളത്തിലെ ആദ്യ പുരുഷപക്ഷ ചിത്രമെന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന ആഭ്യന്തര കുറ്റവാളി സംവിധാനം ചെയ്തത് സേതുനാഥ് പദ്മകുമാറാണ്
facebook twitter