ശ്രീനഗർ : ഹോളിയാഘോഷം ചില മതഭ്രാന്തർ ഭയത്തിന്റെ ഉറവിടമാക്കി മാറ്റിയെന്ന് പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടി(പി.ഡി.പി)നേതാവ് മെഹബൂബ മുഫ്തി. ഭരണത്തിലിരിക്കുന്നവരുടെ അനുമതിയോടെയാണ് ഇത് നടക്കുന്നതെന്നും അവർ ആരോപിച്ചു. റമദാനിലെ രണ്ടാം വെള്ളിയാഴ്ചയും ഹോളിയും ഒരുമിച്ചുവന്നതിനെ തുടർന്ന് പല നഗരങ്ങളിലും സുരക്ഷ നടപടികൾ ശക്തമാക്കിയ സാഹചര്യത്തിലായിരുന്നു മെഹബൂബ മുഫ്തിയുടെ മറുപടി.
എനിക്ക് ഹോളി എപ്പോഴും ഇന്ത്യയുടെ ഗംഗാ-യമുന തെഹ്സീബിന്റെ പ്രതീകമാണ്. ഹോളിയെത്തുന്നതിനായി ആകാംക്ഷയോടെ കാത്തിരുന്നതും ഹിന്ദുക്കളായ സുഹൃത്തുക്കൾക്കൊപ്പം അത്യധികമായ സന്തോഷത്തോടെയും ഉത്സാഹത്തോടും കൂടി അത് ആഘോഷിച്ചിരുന്നതും ഈ അവസരത്തിൽ താൻ സ്നേഹത്തോടെ ഓർക്കുകയാണെന്നും പി.ഡി.പി നേതാവ് എക്സിൽ കുറിച്ചു.
ഇപ്പോൾ ചില മതഭ്രാന്തർ അധികാരത്തിലിരിക്കുന്നവരുടെ സമ്മതത്തോടെ ഹോളിയെ ന്യൂനപക്ഷങ്ങളിൽ ഭയത്തിന്റെ ഉറവിടമാക്കി മാറ്റിയിരിക്കുകയാണ്. ഇന്ത്യ ഉണരേണ്ട സമയമാണിത്. -മെഹബൂബ മുഫ്തി പറഞ്ഞു.
രാജ്യത്തെ ഹിന്ദുക്കളെയും മുസ്‍ലിംകളെയും എതിർക്കാൻ ശ്രമിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് കഴിഞ്ഞ ദിവസം മെഹബൂബ മുഫ്തി മുന്നറിയിപ്പ് നൽകിയിരുന്നു.
വടക്കേ ഇന്ത്യൻ നഗരങ്ങളിലാണ് ഹോളിയോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കിയത്. അധികൃതർ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. സാമുദായിക സംഘർഷമുണ്ടായ സംഭലിൽ ഹോളിയോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കി. 46 വർഷത്തിനു ശേഷം കാർത്തികേയ മഹാദേവ ക്ഷേത്രം വീണ്ടും തുറക്കുന്നതും സംഘർഷ സാധ്യത വർധിപ്പിച്ചു. അതിനിടെ, ഹോളിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം നൽകി.