സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരെ നിരന്തരം ആക്രമണം നടക്കുമ്പോള്‍ തനിക്ക് നേരിട്ട അനുഭവം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് ഇ മെയില്‍ ആയി അയച്ച് പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി കേശവന്‍. താന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്തത് കൊണ്ടാണ് ഇത്തരമൊരു കത്ത് എഴുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി ഉത്തരേന്ത്യയില്‍ താമസിക്കുന്ന കേശവനും കുടുംബവും ആദ്യമായി ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ പോയതിന്റെ അനുഭവമാണ് പങ്കുവയ്ക്കുന്നത്.
കേശവന്റെ കത്തിന്റെ പൂര്‍ണ രൂപം
മാഡം
ഞാനും എന്റെ കുടുംബവും കുറെ വര്‍ഷങ്ങള്‍ ആയി ഉത്തരേന്ത്യയില്‍ ആയിരുന്നു. കഴിഞ്ഞ 5 വര്‍ഷം ആയി ശ്രീകൃഷ്ണപുരത്ത് താമസം തുടങ്ങിയിട്ട്. ഇത് വരെ കേരളത്തിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലും ചികിസ്താര്‍ത്ഥം പോയിട്ടില്ല. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളുടെ മികവിനെ പറ്റി നിരന്തരം കേള്‍ക്കുന്നുണ്ടെങ്കിലും നേരിട്ട് അനുഭവം ഉണ്ടായിരുന്നില്ല.
ഈ മാസം 2 ന് എന്റെ മകളും കുട്ടികളും ശ്രീലങ്കയില്‍ നിന്നും വീട്ടില്‍ എത്തിയിരുന്നു. 9 വയസ്സുള്ള ചെറുമകളെ ഞങ്ങളുടെ വീട്ടില്‍ തന്നെ വളര്‍ത്തുന്ന നായ കടിച്ചു നല്ല മുറിവ് ആയി. പെട്ടെന്ന് തന്നെ കടമ്പഴിപ്പുറത്തുള്ള കുടുംബരോഗ്യ കേന്ദ്രത്തില്‍ കൊണ്ട് പോയി. അവിടെ എന്നെ അത്ഭുത പെടുത്തികൊണ്ട് കിട്ടിയ ചികിത്സയെ കുറിച്ചാണ് ഈ അനുഭവ കുറിപ്പ്.
അവിടെ എത്തിയ ഉടന്‍ ഒരു അറ്റന്‍ഡര്‍ വീല്‍ചെയറും ആയി ഓടി വന്നു. പിന്നീട് ഉള്ള എല്ലാ കാര്യങ്ങള്‍ക്കും അദ്ദേഹം കൂടെ ഉണ്ടായിരുന്നു. ഡോക്ടറും ടോക്കണ്‍ നമ്പര്‍ നോക്കാതെ തന്നെ പെട്ടെന്ന് പേഷ്യന്റിനെ അറ്റന്‍ഡ് ചെയ്ത് വേണ്ട ശുശ്രുഷകള്‍ നല്‍കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. നഴ്‌സിംഗ് സ്റ്റാഫും വളരെ പെട്ടെന്ന് തന്നെ വേണ്ട ചികിത്സകള്‍ നല്‍കി, പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അവിടെയും ഞങ്ങളുടെ അനുഭവം വ്യത്യസ്തമായിരുന്നില്ല.
ഇത് എഴുതാന്‍ കാരണം നമ്മുടെ ആരോഗ്യ മേഖലയിലെ മാറ്റം നേരിട്ട് അനുഭവിക്കാന്‍ കഴിഞ്ഞതും അതിന്റെ ഗുണനിലവാരവും ശ്രദ്ധിച്ചത് നേരിട്ട് അറിയിക്കണം എന്ന് തോന്നിയത് കൊണ്ടാണ്. ഞാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്തത് കാരണം നേരിട്ട് അഭിനന്ദനങ്ങള്‍ അറിയിക്കണം എന്നത് എന്റെ ചുമതല ആണ് എന്ന് തോന്നിയത് കൊണ്ടാണ്.
വീല്‍ ചെയര്‍ ആയി വന്ന സ്റ്റാഫിന് എന്റെ മകള്‍ കുറച്ചു പൈസ കൊടുക്കാന്‍ ശ്രമിച്ചു. അദ്ദേഹം സന്തോഷത്തോടെ അത് നിരസിച്ചു പറഞ്ഞു ഗവണ്മെന്റ് ആശുപത്രി ആണ് ചാര്‍ജ് ഒന്നും ഇല്ല എന്ന്.
All the best and hope the services and its quality will remain as it is. Thanks to all the staff members.
കേശവന്‍
ശ്രീകൃഷ്ണപുരം