ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ ഇനി മുതല്‍ ഡ്രൈഡേയിലും മദ്യം; കരട് മദ്യനയത്തിന് സര്‍ക്കാര്‍ അംഗീകാരം

05:24 AM Apr 10, 2025 | Suchithra Sivadas

കരട് മദ്യനയത്തിന് സര്‍ക്കാര്‍ അംഗീകാരം. തീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ ഡ്രൈഡേയിലും ഇനി മുതല്‍ മദ്യം വിളമ്പാം. അതേസമയം ബീവറേജിനും ബാറുകള്‍ക്കും ഡ്രൈഡേ തുടരും. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം നല്‍കാന്‍ അനുമതിയുണ്ട്. ഇതിനായി യാനങ്ങള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കും. നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഡ്രൈഡേയിലടക്കം അന്തിമ തീരുമാനത്തിലെത്താന്‍ കഴിയാതെ സംസ്ഥാന സര്‍ക്കാര്‍ പലതവണ മന്ത്രിസഭായോഗത്തില്‍ മദ്യനയത്തില്‍ തീരുമാനമെടുക്കുന്നത് മാറ്റിവെച്ചിരുന്നു. ടൂറിസം മേഖലയെ ഒഴിവാക്കിക്കൊണ്ട് മറ്റ് മേഖലകളില്‍ ഡ്രൈഡേ തുടരാം എന്നതായിരുന്നു ഒടുവിലത്തെ തീരുമാനം. തുടര്‍ന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം കരട് മദ്യനയത്തിന് അംഗീകാരം നല്‍കിയത്.

ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ഡ്രൈഡേയില്‍ മദ്യം നല്‍കാം. വിവാഹം, അന്തര്‍ദേശീയ കോണ്‍ഫറന്‍സ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍ക്കാണ് ഇളവ്. എന്നാല്‍ മദ്യം നല്‍കുന്ന ചടങ്ങുകള്‍ക്ക് മുന്‍കൂട്ടി അനുമതി വാങ്ങണം. അതേസമയം, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ കള്ള് ഷാപ്പുകളുടെ ദൂരപരിധിയില്‍ 400 മീറ്റര്‍ എന്നതില്‍ മാറ്റമില്ല.