താമസക്കാരിയുടെ കുളിമുറി ദൃശ്യങ്ങള്‍ ലൈവായി കണ്ട് വീട്ടുടമ, പരാതിയില്‍ കേസെടുത്തു

08:24 AM Jul 07, 2025 | Suchithra Sivadas

താമസക്കാരിയുടെ കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് കുളിദൃശ്യങ്ങള്‍ ലൈവ് ആയി കണ്ടുവെന്ന പരാതിയില്‍ വീട്ടുടമസ്ഥനെതിരേ കേസ്. ഒളിക്യാമറ കണ്ടെത്തിയതോടെ യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. സംഭവത്തില്‍ ദുബഗ്ഗ പൊലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.

ബഹ്‌റൈചില്‍ നിന്നുള്ള യുവതിയാണ് ദുബഗ്ഗ പൊലീസില്‍ പരാതി നല്‍കിയത്. തന്റെ കുളിമുറിയില്‍ വീട്ടുടമസ്ഥന്‍ ഒളിക്യാമറ സ്ഥാപിച്ചിരുന്നുവെന്നും താന്‍ അത് കണ്ടെത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. ക്യാമറ വൈഫൈയുമായി ബന്ധിപ്പിച്ചിരുന്നു. യുവതി ശുചിമുറിയില്‍ കയറുന്നത് ഇയാള്‍ ലൈവ് ആയി കാണുകയും ചെയ്തുവെന്നും യുവതി പറഞ്ഞു.

ജൂണ്‍ 24-നാണ് യുവതി ക്യാമറ കണ്ടെത്തിയത്. ഇതോടെയാണ് ഞെട്ടിക്കുന്ന വിവരം യുവതി മനസ്സിലാക്കുന്നത്. ക്യാമറ കണ്ടെത്തിയതിന് പിന്നാലെ താന്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ വീട്ടുടമസ്ഥന്‍ ക്ഷമാപണവുമായി തന്റെ അരികിലെത്തിയെന്നും യുവതി പറഞ്ഞു. പൊലീസില്‍ പരാതി നല്‍കുമെന്നായപ്പോള്‍ ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.