മദ്യപിച്ചെത്തിയ മകന്‍റെ മർദനമേറ്റ വീട്ടമ്മ മരിച്ചു. അമ്ബലപ്പുഴ വടക്ക് പഞ്ചായത്ത് ഒമ്ബതാം വാർഡ് കഞ്ഞിപ്പാടം ആശാരിപ്പറമ്ബില്‍ ആനി (55) ആണ് ഇന്നലെ പുലർച്ചെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.ആനിയെ കഴിഞ്ഞ ഞായറാഴ്ചയാണ് നിർമാണത്തൊഴിലാളിയായ മകൻ ജോണ്‍സണ്‍ ജോയി (34) ക്രൂരമായി ആക്രമിച്ചത്.
പിടിച്ചുമാറ്റാനെത്തിയ പിതാവ് ജോയിച്ചനും മർദനമേറ്റിരുന്നു. പരിക്കേറ്റ ഇരുവരും സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടിയെങ്കിലും പിന്നീട് ആനിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ജോണ്‍സണ്‍ മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കുന്ന ആളാണെന്ന് സമീപവാസികള്‍ പറഞ്ഞു. സംഭവത്തെത്തുടർന്നുള്ള പരാതിയില്‍ അമ്ബലപ്പുഴ പോലീസ് കേസെടുത്ത് ജോണ്‍സണെ റിമാൻഡ് ചെയ്തിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയില്‍ പോസ്റ്റ് മോർട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മറ്റൊരു മകൻ ജോബിൻ.