ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ -പാകിസ്ഥാന്‍ മത്സരത്തെ വിമര്‍ശിച്ച് അസദുദ്ദീന്‍ ഒവൈസി എംപി. രക്തവും വെള്ളവും ഒന്നിച്ചൊഴുകാത്തപ്പോള്‍ എങ്ങനെ ക്രിക്കറ്റ് കളിക്കുമെന്ന് ഒവൈസി ലോക്‌സഭയില്‍ ചോദിച്ചു. ക്രിക്കറ്റ് മത്സരം കാണാന്‍ തന്റെ മനസാക്ഷി അനുവദിക്കില്ലെന്നും ലോക്‌സഭയിലെ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ എഐഎംഐഎം അധ്യക്ഷന്‍ ഒവൈസി വ്യക്തമാക്കി.
പഹല്‍ഗാമിലെ ബൈസരണില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് പാകിസ്താനുമായുള്ള ക്രിക്കറ്റ് മത്സരം കാണണമെന്ന് പറയാന്‍ മനസാക്ഷി അനുവദിക്കുമോയെന്നും ഒവൈസി ചോദിച്ചു, 80ശതമാനത്തോളം പാകിസ്ഥാന്റെ വെള്ളവും നമ്മള്‍ തടയുകയാണ്. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ലെന്ന് വ്യക്തമാക്കിയാണ് ഇന്ത്യയുടെ ഈ നടപടി. അങ്ങനെയുള്ള സാഹചര്യത്തില്‍ ക്രിക്കറ്റ് മത്സരം നടത്താനാകുമോ? ക്രിക്കറ്റ് മത്സരം കാണാന്‍ തന്റെ മനസാക്ഷി അനുവദിക്കുന്നില്ലെന്നും ഒവൈസി പറഞ്ഞു. തിങ്കളാഴ്ച അര്‍ധരാത്രി വരെ ലോക്‌സഭയിലെ ചര്‍ച്ച നീണ്ടു. ഇന്ന് രാവിലെ 11ന് ചര്‍ച്ച തുടരും.