
തിരുവല്ല : തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയോരത്ത് വളർന്നുനിൽക്കുന്ന കൂറ്റൻ മരങ്ങൾ വീടുകൾക്കും യാത്രക്കാർക്കും ഭീഷണി ഉയർത്തുന്നു. അമ്പലപ്പുഴ റോഡിൽ പൊടിയാടി വൈക്കത്തില്ലം പാലത്തിൻ്റെ അപ്രോച്ച് റോഡിനോട് ചേർന്ന് കടന്നു പോകുന്ന വൈക്കത്തില്ലം - കാർത്തിക പടി റോഡിലെ 25 ഓളം കുടുംബങ്ങൾക്കാണ് വളർന്ന് പന്തലിച്ച് നിൽക്കുന്ന മരങ്ങൾ ഭീഷണിയാകുന്നത്. കരിങ്കൽ നിർമ്മിത അപ്രോച്ച് റോഡിൻറെ പല ഭാഗങ്ങളും വീണ്ടു കീറിയ നിലയിലാണ്.
അര നൂറ്റാണ്ടോളം കാലപ്പഴക്കമുള്ള അഞ്ച് മരങ്ങളാണ് വീടുകൾക്ക് മുകളിലേക്ക് അടക്കം ചരിഞ്ഞ് നിൽക്കുന്നത്. മരങ്ങളുടെ കൂറ്റൻ ശിഖരങ്ങൾ പലതും ഉണങ്ങി നിൽക്കുകയാണ്. അപ്പ്രോച്ച് റോഡിൻറെ സംരക്ഷണ ഭിത്തിയും മരങ്ങളും ഉൾപ്പെടെ ഏത് സമയവും നിലം പതിക്കാവുന്ന സ്ഥിതിയാണ്. മരങ്ങൾ നിലംപൊത്തിയാൽ നാല് വീടുകൾ പൂർണമായും തകരാൻ സാധ്യതയുണ്ട്.
റോഡിലൂടെ കടന്നുപോകുന്ന വൈദ്യുത പോസ്റ്റുകളും മരങ്ങൾക്കൊപ്പം വീടുകൾക്ക് മുകളിലേക്ക് വീഴാം. അപ്പ്രോച്ച് റോഡിലെ മരങ്ങൾ ഉയർത്തുന്ന ഭീഷണി സംബന്ധിച്ച് പല ഗ്രാമസഭകളിലും പരാതികൾ പറഞ്ഞെങ്കിലും പൊതുമരാമത്ത് വകുപ്പിൻറെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല എന്ന് വാർഡ് മെമ്പർ മായാ ദേവി പറഞ്ഞു.