+

തൃശൂരിൽ കാട്ടുപന്നി വേട്ടയ്ക്കിടെ വേട്ടക്കാരനെ പന്നികള്‍ കൂട്ടമായി തിരിച്ചാക്രമിച്ചു

കുന്നംകുളം കാണിയാമ്പലില്‍ കാട്ടുപന്നി വേട്ടയ്ക്കിടെ വേട്ടക്കാരനെ പന്നികള്‍ കൂട്ടമായി തിരിച്ചാക്രമിച്ചു. വേട്ടക്കാരന്‍ വെട്ടിക്കടവ് സ്വദേശി മുകേഷിനെ (65)യാണ് കാട്ടുപന്നികള്‍ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചത്

തൃശൂര്‍: കുന്നംകുളം കാണിയാമ്പലില്‍ കാട്ടുപന്നി വേട്ടയ്ക്കിടെ വേട്ടക്കാരനെ പന്നികള്‍ കൂട്ടമായി തിരിച്ചാക്രമിച്ചു. വേട്ടക്കാരന്‍ വെട്ടിക്കടവ് സ്വദേശി മുകേഷിനെ (65)യാണ് കാട്ടുപന്നികള്‍ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറിനാണ് സംഭവം. കണിയാമ്പാല്‍ സ്വദേശി രവിയുടെ പനങ്ങായ് പാടത്തെ പയറിന്‍ തോട്ടത്തിലാണ് പന്നികള്‍ തമ്പടിച്ചിരുന്നത്. പന്നികള്‍ വ്യാപകമായി പയര്‍ ചെടികള്‍ നശിപ്പിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞതനുസരിച്ചാണ് രവിയും വെടിവെക്കാന്‍ ലൈസന്‍സുള്ള സുഹൃത്ത് മുകേഷും തോക്കുമായി പാടത്തേക്ക് ചെന്നത്.

ഈ സമയം 20ല്‍ കൂടുതല്‍ കാട്ടുപന്നികള്‍ പയര്‍ചെടികള്‍ നശിപ്പിച്ചു കൊണ്ടിരുന്നു. പന്നികളെ വെടിവെക്കാന്‍ സമീപത്തെ തെങ്ങിന്‍ തോട്ടത്തിലേക്ക് നടക്കുന്നതിനിടെയാണ് പന്നിക്കൂട്ടം മുകേഷിനെ പിറകിലൂടെ വന്ന് ആക്രമിച്ചത്. മുകേഷിന്റെ കൈയും കാലും കടിച്ചു മുറിക്കുകയും തേറ്റ കൊണ്ട് കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തു. തോക്ക് കൊണ്ട് പന്നികളെ അടിച്ചോടിക്കുന്നതിനിടെ ഒരു പന്നിക്ക് വെടിയേറ്റു. ഇതോടെ മറ്റു പന്നികള്‍ ചിതറിയോടി.  സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ മുകേഷിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണിയമ്പാലില്‍ കര്‍ഷകരുടെ അഭ്യര്‍ഥന മാനിച്ച് നഗരസഭ ലൈസന്‍സുള്ള എറണാകുളം മരട് സ്വദേശിയെ കൊണ്ടു വന്ന് രണ്ടുതവണ കാട്ടുപന്നികളെ വെടിവെച്ച് കൊന്നിരുന്നു. ഈ മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്.
 

facebook twitter