ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത മോന്ത അതിതീവ്ര ചുഴലിക്കാറ്റായി മാറി ആന്ധ്രാ തീരം കടന്നു. ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ആന്ധ്ര തീരത്ത് മഴ കനത്തു.
കക്കിനാട തുറമുഖത്ത് അതീവ ജാഗ്രതാ സന്ദേശം പുറപ്പെടുവിച്ചു. അതീവ ജാഗ്രതയിലാണ് ആന്ധ്ര, ഒഡിഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍. സമീപ സംസ്ഥാനമായ ഒഡീഷയിലും ചുഴലിക്കാറ്റിന്റെ ആഘാതം അനുഭവപ്പെട്ടു. അവിടെ 15 ജില്ലകളിലെ സാധാരണ ജനജീവിതം തടസ്സപ്പെട്ടു. ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കോനസീമ ജില്ലയില്‍ മരം വീണ് വീടിന് നാശനഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് ഒരു വയോധിക മരിച്ചു. ഈ ജില്ലയില്‍ തന്നെ ശക്തമായ കാറ്റില്‍ തെങ്ങുകള്‍ കടപുഴകി വീണ് മറ്റൊരു സംഭവത്തില്‍ ഒരു ആണ്‍കുട്ടിക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു.
മോന്ത കര തൊടുമ്പോഴേക്കും 90 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗം കൈവരിച്ചു. കരയില്‍ പ്രവേശിച്ച ശേഷം മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗത ആര്‍ജിക്കും. വലിയ തോതിലുള്ള നാശനഷ്ടം മോന്ത ആന്ധ്രാ തീരത്ത് വിതച്ചേക്കുമെന്നാണ് ആശങ്ക. കാറ്റ് കരയ്ക്കെത്തുന്നതിന് മുന്നോടിയായി തീരദേശ ജില്ലകളില്‍ മഴ ശക്തമായിട്ടുണ്ട്. 16 ജില്ലകളില്‍ നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരമാലകള്‍ നാലേമുക്കാല്‍ അടി വരെ ഉയരത്തില്‍ വീശി അടിക്കും. കടല്‍ പ്രക്ഷുബ്ധമായതോടെ തീരദേശ മേഖലകളില്‍ ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചിരിക്കുകയാണ്.