
കണ്ണൂര്‍ വയലപ്രയില്‍ കുഞ്ഞുമായി ജീവനൊടുക്കിയ റീമയുടെ ആത്മഹത്യാകുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃകുംടുംബത്തിനുമെതിരെ ഗുരുതര ആരോപണം. ഭര്‍തൃ മാതാവ് ഒരിക്കലും സമാധാനം നല്‍കിയിട്ടില്ല. തന്നെയും കുട്ടിയെയും അമ്മയുടെ വാക്ക് കേട്ട് ഭര്‍ത്താവ് ഇറക്കിവിട്ടുവെന്നും ആത്മഹത്യാകുറിപ്പിലുണ്ട്.
എല്ലാ പീഡനങ്ങള്‍ക്കും ഭര്‍ത്താവ് കമല്‍ രാജ് കൂട്ടുനിന്നു. മകനെ വേണമെന്ന സമ്മര്‍ദ്ദം സഹിക്കാന്‍ പറ്റിയില്ല.മകനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് തോന്നിയതുകൊണ്ടാണ് ജീവനൊടുക്കുന്നത്.തന്നെ പോലുള്ള പെണ്‍കുട്ടികള്‍ക്ക് ഈ നാട്ടില്‍ നീതി കിട്ടില്ലെന്നും കൊന്നാലും ചത്താലും നിയമം, കുറ്റം ചെയ്തവര്‍ക്കൊപ്പമാണെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
ശനിയാഴ്ച അര്‍ധരാത്രിയാണ് റീമ കുഞ്ഞുമായി പുഴയില്‍ ചാടിയത്. രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. റീമയെത്തിയ സ്കൂട്ടറിന്റെ നമ്പര്‍ പരിശോധിച്ചാണ് ആളെ മനസ്സിലാക്കിയത്. വീടിന്റെ മുകള്‍നിലയിലായിരുന്ന മാതാപിതാക്കള്‍ റീമ സ്കൂട്ടറുമായി പോകുന്നത് അറിഞ്ഞില്ല. രാവിലെ അടുത്ത ബന്ധു ഫോണില്‍ വിളിച്ചപ്പോഴാണു വിവരമറിഞ്ഞത്. മാതാപിതാക്കള്‍ താഴെ എത്തിയപ്പോള്‍ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. പിന്നീടു പൊലീസെത്തി പരിശോധിച്ചപ്പോള്‍ ആത്മഹത്യക്കുറിപ്പും ഫോണും കണ്ടെത്തുകയായിരുന്നു. റീമ ഭര്‍തൃവീട്ടുകാരുമായി അകന്നു സ്വന്തം വീട്ടിലാണു കഴിഞ്ഞിരുന്നത്. രാത്രി പന്ത്രണ്ടരയോടെ മകന് കൃശിവ് രാജിനെയും എടുത്ത് സ്കൂട്ടറിറില്‍ റീമ ചെമ്പല്ലിക്കുണ്ട് പുഴയോരത്ത് എത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.