പെരുമ്പിലാവ്: കല്ലുംപുറത്ത് സ്ത്രീധനപീഡനത്തിന്റെ പേരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതിയായ ഭർത്താവ് പിടിയിൽ. കല്ലുംപുറം പുത്തൻ പീടികയിൽ സൈനുൽ ആബിദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലേഷ്യയിൽനിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽവെച്ചാണ് പൊലീസ് പിടികൂടിയത്.
കൊലിക്കര തിരുത്തുപുലായ്ക്കൽ സലീമിന്റെ മകൾ സബീന (25) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. 2023 ഒക്ടോബർ 25നായിരുന്നു സംഭവം. ഭർതൃവീട്ടുകാരുടെ പീഡനം മൂലമാണ് ആത്മഹത്യയെന്നാണ് സലീമും കുടുംബവും പരാതിയിൽ പറയുന്നത്. തുടർന്ന് ഭർതൃപിതാവ് അബൂബക്കറിനെ അറസ്റ്റ് ചെയ്യുകയും മാതാവ് ആമിനക്കുട്ടി, സഹോദരൻ അബ്ബാസ് എന്നിവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
ഭർത്താവിന്റെയും കുടുംബത്തിന്റെയും പീഡനം സഹിക്കാൻ കഴിയുന്നില്ലെന്നു പലതവണ വീട്ടുകാരോട് സബീന പറഞ്ഞിരുന്നുവത്രെ. മരിക്കുന്നതിന് തൊട്ടുമുമ്പ് മാതാവിനെ വിളിച്ച് ജീവിതം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞിരുന്നു. വിവരമറിഞ്ഞ് മാതാവ് ഓട്ടോ വിളിച്ച് കല്ലുംപുറത്തെ ഭർതൃവീട്ടിൽ എത്തിയെങ്കിലും രക്ഷിക്കാനായില്ല. വിവാഹസമയം 40 പവൻ സ്ത്രീധനമായി നൽകിയിരുന്നു. പിന്നീട് പല തവണയായി 20 പവനുംകൂടി നൽകി.
100 പവൻ സ്വർണമാണ് പ്രതീക്ഷിച്ചിരുന്നതെന്നും തന്നത് വളരെ കുറഞ്ഞുപോയെന്നും പറഞ്ഞ് വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽതന്നെ ഭർതൃവീട്ടുകാർ പീഡനം തുടങ്ങിയതായി പരാതിയിൽ പറയുന്നു. പിന്നീട് പലതവണയായി 12 ലക്ഷം രൂപയും ആബിദും കുടുംബവും വാങ്ങിയിരുന്നു.സംഭവം നടന്ന് ഏഴാം ദിവസം സൈനുൽ ആബിദ് വിദേശത്തേക്കു മുങ്ങി. ഇയാൾക്കുവേണ്ടി പൊലീസ് തിരച്ചിൽ നോട്ടീസ് ഇറക്കിയിരുന്നു.