ഹൈദരാബാദ്: ഹൈദരാബാദിൽ 27 വയസ്സുള്ള യുവതി തന്റെ രണ്ട് വയസ്സുള്ള ഇരട്ടകളെ കൊലപ്പെടുത്തിയ ശേഷം കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഭർത്താവുമായുള്ള നിരന്തരമായ വഴക്കുകളെ തുടർന്നുള്ള സമ്മർദ്ദമാണ് ഈ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബാലനഗറിലെ ഒരു അപ്പാർട്ട്മെന്റിൽ ഇന്ന് പുലർച്ചെ 3.30 ഓടെയാണ് സംഭവം നടന്നത്. ചല്ലാരി സായിലക്ഷ്മി ഇരട്ടകളായ ചേതൻ കാർത്തികേയയെയും ലാസ്യത വല്ലിയെയും തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
കുട്ടികളെ കൊലപ്പെടുത്തിയതിന് ശേഷം സായിലക്ഷ്മി നാലാം നിലയിലുള്ള അപ്പാർട്ട്മെന്റിൽ നിന്ന് ചാടി മരിക്കുകയായിരുന്നു. സംഭവസമയത്ത് ഭർത്താവ് അനിൽ കുമാർ ജോലിസ്ഥലത്തായിരുന്നു. പുലർച്ചെ 3.37ന് സായിലക്ഷ്മി താഴെ വീഴുന്ന ദൃശ്യങ്ങൾ കെട്ടിടത്തിന് പുറത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. അയൽക്കാർ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ ഇരട്ടകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഇരട്ടകളിൽ ഒരാളായ ചേതൻ കാർത്തികേയയുടെ സംസാര പ്രശ്നത്തെച്ചൊല്ലി സായിലക്ഷ്മിയും ഭർത്താവ് അനിൽ കുമാറും തമ്മിൽ പതിവായി വഴക്കിട്ടിരുന്നുവെന്ന് പോലീസ് ഇൻസ്‌പെക്ടർ ടി നരസിംഹ രാജു പറഞ്ഞു. “ചേതന് സംസാര വൈകല്യമുണ്ടായിരുന്നു, കുടുംബം അവനെ സ്പീച്ച് തെറാപ്പി സെഷനുകൾക്കായി കൊണ്ടുപോയിരുന്നു. കുട്ടിയുടെ അവസ്ഥയെച്ചൊല്ലി ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നതായും അവർ പതിവായി വഴക്കുണ്ടാക്കിയിരുന്നതായും” പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഈ വഴക്കുകളെത്തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് സായിലക്ഷ്മിയെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് സംശയിക്കുന്നു. സായ്‌ലക്ഷ്മിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ഭർത്താവ് അനിൽ കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.