ക്ഷേത്രത്തിന് സമീപത്ത് വച്ച് മുസ്ലിം ലീഗ് എംപിയായ നവാസ് കനി മാംസാഹാരം ഭക്ഷിച്ചുവെന്ന ആരോപണവുമായി തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ. മധുരയിലുളള തിരുപറംകുണ്ഡ്രം സുബ്രഹ്‌മണ്യം സ്വാമി ക്ഷേത്രത്തിന്റെ കുന്നില്‍ വച്ച് എംപി മാംസം കഴിച്ചുവെന്നാണ് ആരോപണം. എംപിയെ പുറത്താക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.
ക്ഷേത്രത്തിന്റെ കുന്നില്‍ വച്ച് എംപി മാംസം കഴിച്ചത് അങ്ങേയറ്റം നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് അണ്ണാമലൈ പറഞ്ഞു. ഹിന്ദു സമൂഹം വളരെ സമാധാനപ്രിയരാണ്. ക്രമസമാധാന പ്രശ്‌നം സൃഷ്ടിച്ച എംപിയെ പുറത്താക്കണമെന്നും അണ്ണാമലൈ പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കാന്‍ ലക്ഷ്യമിട്ടുളള നടപടിയാണ് എം പിയുടെ ഭാഗത്ത് നിന്നുണ്ടായത്. സുബ്രഹ്‌മണ്യം ക്ഷേത്രത്തിന്റെ സ്ഥാനത്ത് വച്ച് മാംസം കഴിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അണ്ണാമലൈ എക്‌സില്‍ കുറിച്ചു.
അതേസമയം അണ്ണാമലൈയുടെ ആരോപണം നവാസ് കനി നിഷേധിച്ചു. പ്രദേശത്ത് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമുണ്ടായപ്പോള്‍ അതിന് മധ്യസ്ഥത വഹിക്കാനാണ് താന്‍ സുബ്രഹ്‌മണ്യം സ്വാമി ക്ഷേത്രത്തിന്റെ കുന്നിലേക്ക് എത്തിയതെന്ന് എം പി വ്യക്തമാക്കി. കുന്നില്‍ വച്ച് താന്‍ മാംസം കഴിച്ചിട്ടില്ലെന്നും നവാസ് കനി പറഞ്ഞു. കഴിഞ്ഞ ദിവസം തിരുപറംകുണ്ഡ്രം സുബ്രഹ്‌മണ്യം സ്വാമി ക്ഷേത്രത്തിന്റെ കുന്നിലേക്ക് മൃഗങ്ങളെ ബലിയര്‍പ്പിക്കാന്‍ മുസ്ലിം സമുദായംഗങ്ങള്‍ കൊണ്ടുപോകുന്നതിനെ ചൊല്ലി പൊലീസുമായി തര്‍ക്കം നിലനിന്നിരുന്നു.