തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നത് കാരണം മിക്കപ്പോഴും വിമര്‍ശനവും ട്രോളുകളും നേരിടേണ്ടി വന്നിട്ടുള്ള താരപുത്രനാണ് മാധവ് സുരേഷ്. സുരേഷ് ഗോപിയെന്ന താരത്തിന്റെ മകനായതിന്റെ പ്രിവിലേജ് മാധവിനുണ്ടെന്ന് പലപ്പോഴും അഭിപ്രായം വരാറുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് മാധവ് സുരേഷ്. സ്വന്തം നിലയില്‍ വളര്‍ന്ന് വരാനാഗ്രഹിക്കുന്ന ആളാണ് താനെന്നും സാമ്പത്തികമായി അച്ഛന്റെ പണത്തെ ആശ്രയിക്കാനുദ്ദേശിക്കില്ലെന്നും മാധവ് പറഞ്ഞു.
ഈയടുത്ത് ഞാനൊരു വണ്ടി എടുത്തിരുന്നു. അച്ഛനാണോ മോനാണോ എടുത്തത്? സ്വന്തം കാശിനായാല്‍ കൊള്ളാമായിരുന്നു എന്നാണ് അന്ന് വന്ന കമന്റ്. ഇപ്പോഴേ ക്ലാരിഫിക്കേഷന്‍ തരാം. ലോണ്‍ എടുത്താണ് ഞാന്‍ വണ്ടിയെടുത്തത്. ഞാന്‍ പണിയെടുത്ത് അടയ്ക്കണം. എന്ന് മാധവ് സുരേഷ് പറഞ്ഞു.
എന്റെ അച്ഛനുണ്ടാക്കി വെച്ചത് അച്ഛന്റെ റിട്ടയര്‍മെന്റ് ലൈഫിനാണ്. അല്ലെങ്കില്‍ എന്റെ പെങ്ങള്‍മാരുടെ കല്യാണം നടത്താനാണ്. അത് അവര്‍ സെക്യൂര്‍ ചെയ്ത് വെച്ചിട്ടുണ്ട്. സാമ്പത്തികമായി ഞാന്‍ പരാജയപ്പെട്ടാല്‍ എനിക്കൊരു സഹായമായി അത് കാണും. അത് എല്ലാവര്‍ക്കുമുള്ള പ്രിവിലേജല്ലെന്ന് മനസിലാക്കുന്നു. പക്ഷെ അതിന്റെ പേരില്‍ പണിയെടുക്കാതിരിക്കാന്‍ പറ്റില്ല. ഞാന്‍ എന്നെ ബില്‍ഡ് ചെയ്യണമെന്നും മാധവ് സുരേഷ് വ്യക്തമാക്കി.