ന്യൂഡൽഹി: ഐ ലവ് മുഹമ്മദ് എന്ന് ക്ഷേത്രങ്ങളിലെഴുതി കലാപമുണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. അഞ്ച് ക്ഷേത്രങ്ങളുടെ ചുമരുകളിൽ ഗ്രാഫിറ്റി പെയിന്റിങ്ങിലൂടെ ഐ ലവ് മുഹമ്മദ് എന്നെഴുതി സംഭവത്തിൽ നാല് ഹിന്ദു യുവാക്കളാണ് അറസ്റ്റിലായത്.
ജിഷാന്ത് സിങ്, അകാശ് സാരസ്വത്, ദിലീപ് ശർമ്മ, അഭിഷേക് സാരസ്വത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം ഇതുമായി ബന്ധപ്പെട്ട് എട്ട് മുസ്ലിം യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മുസ്തകീം, ഗുൽ മുഹമ്മദ്, സുലൈമാൻ, സോനു, അല്ലാബക്ഷി, ഹമീദ്, യൂസഫ് എന്നിവർക്കെതിരെയാണ് കേസെടുത്തിരുന്നത്.
മനപ്പൂർവം ഗ്രാഫിറ്റി പെയിന്റ് ചെയ്ത് മുസ്ലിംകളെ കേസിൽ കുടുക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. കേസിലെ പ്രധാന പ്രതിയായ ജിഷാന്ത് സിങ്ങും മുസ്തകീം തമ്മിൽ ചെറിയ വൈരാഗ്യമുണ്ടായിരുന്നു. ഇതിൽ നിന്നുണ്ടായ പകയെ തുടർന്നാണ് സുഹൃത്തുക്കളെ ഉപയോഗിച്ച് ക്ഷേത്രത്തിൽ ഐ ലവ് മുഹമ്മദ് എന്ന് പെയിന്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.നാല് പേർ വിവിധ ക്ഷേത്രങ്ങളിൽ പെയിന്റ് ഉപയോഗിച്ച് ഐ.ലവ് മുഹമ്മദ് എന്ന് എഴുതി കലാപമുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചു.
 
  
  
 