+

അവസാന ശ്വാസം വരെ മകന് വേണ്ടി കാത്തിരിക്കും ; നജീബ് അഹമ്മദിന്റെ തിരോധാന കേസ് സിബിഐ അവസാനിപ്പിച്ചതിന് പിന്നാലെ പ്രതികരിച്ച് മാതാവ്

അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി സമരങ്ങളാണ് നഫീസ് നടത്തിയത്.

അവസാന ശ്വാസം വരെ മകന് വേണ്ടി കാത്തിരിക്കുമെന്ന് മാതാവ് ഫാത്തിമ നഫീസ്. ജെഎന്‍യു വിദ്യാര്‍ത്ഥിയായിരുന്ന നജീബ് അഹമ്മദിന്റെ തിരോധാന കേസ് സിബിഐ അവസാനിപ്പിച്ചതിന് പിന്നാലെയാണ് മാതാവിന്റെ പ്രതികരണം. തുടര്‍ നടപടികളെ കുറിച്ച് അഭിഭാഷകനുമായി കൂടിയാലോചിക്കുമെന്ന് ഫാത്തിമ നഫീസ് പറഞ്ഞു.

'ഞാന്‍ എന്റെ അഭിഭാഷകരോട് സംസാരിക്കും. പക്ഷേ, നജീബിനായുള്ള എന്റെ കാത്തിരിപ്പ് അവസാന ശ്വാസം വരെ തുടരും. എല്ലാ ദിവസവും ഞാന്‍ അവന് വേണ്ടി പ്രാര്‍ത്ഥിക്കും. ഒരു ദിവസം എനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ', നഫീസ് പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി സമരങ്ങളാണ് നഫീസ് നടത്തിയത്.

അതേസമയം കേസ് അവസാനിപ്പിക്കാന്‍ ഡല്‍ഹി കോടതിയാണ് സിബിഐക്ക് അനുമതി നല്‍കിയത്. അന്വേഷണത്തിലെ എല്ലാ സാധ്യതകളും അവസാനിച്ചുവെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. നജീബിനെ കണ്ടെത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജ്യോതി മഹേശ്വരി പറഞ്ഞു. അന്വേഷണം നിര്‍ത്തലാക്കുന്നതിനുള്ള അനുമതി തേടി സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അഡീഷണല്‍ മഹേശ്വരി സ്വീകരിച്ചു. കേസില്‍ എന്തെങ്കിലും തെളിവുകളോ സൂചനകളോ ലഭിക്കുന്ന പക്ഷം കേസന്വേഷണം പുനരാരംഭിക്കാനുള്ള അനുമതിയും ജഡ്ജി നല്‍കിയിട്ടുണ്ട്.

Trending :
facebook twitter