
എല്ലാ യാഗവേദികളിലും കലയുടെ സാന്നിധ്യം നിർബന്ധമാണ്. അക്കരെ കൊട്ടിയൂർ സന്നിധാനത്തിലെ കൂത്തമ്പലത്തിൽ നടത്തുന്ന മത്തവിലാസം കൂത്ത് കലാപ്രകടനം മാത്രമല്ല, വഴിപാടു കൂടിയാണ്കൊട്ടിയൂരിലെ വൈശാഖ ഉത്സവം ദക്ഷയാഗത്തിന്റെ ആവിഷ്കാരം കൂടി ആയാണ് കണക്കാക്കപ്പെടുന്നത്. അവിടെ കൂത്തമ്പലവും നിർബന്ധമാണ്. മണിത്തറയിലും അമ്മാറക്കൽ തറയിലും കൂത്തമ്പലത്തിലുമാണ് വൈശാഖ ഉത്സവത്തിലെ പ്രധാനപ്പെട്ട മൂന്ന് അഗ്നിനാളങ്ങൾ സൂക്ഷിക്കുന്നത്. കൊട്ടിയൂരിൽ നടത്തുന്നതു മത്തവിലാസം കൂത്താണ്.
കുമാര സംഭവമാണ് കൂത്തിന്റെ ഇതിവൃത്തം. കൊട്ടിയൂർ ക്ഷേത്രത്തിലെ കൂത്തരങ്ങിന്റെ ചുമതല മാണി നീലകണ്‌ഠ ചാക്യാരുടെ തറവാടിനാണ്. മാണി മാധവനാന്ത ചാക്യാരാണ് കൂത്ത് അവതരിപ്പിക്കുന്നത് . ഭണ്ഡാരം എഴുന്നള്ളത്ത് മുതൽ അത്തം നാൾ വരെ മാത്രമാണ് മത്തവിലാസം കൂത്ത് നടത്താറുള്ളത്.
മത്തവിലാസം കൂത്തിന്റെ പൂർണ അവതരണം തിരുവോണം ആരാധനാ നാളിലാണു തുടങ്ങുക. തലേ വർഷം പൂർത്തിയാക്കാതെ അവസാനിപ്പിച്ച നിർവഹണത്തിലെ ശ്ലോകം ചൊല്ലിയാണ് ഓരോ വർഷവും കൂത്തരങ്ങ് ഉണരുക. പുറപ്പാട്, നിർവഹണം, കപാലി അഥവാ മത്തവിലാസം എന്നിവയാണ് കൂത്തിന്റെ ക്രമം.
നിർവഹണം പൂർണമാക്കാതെ ആണ് ഓരോ വർഷവും കൂത്ത് സമർപ്പണം നടത്തുക. അത്തം നാളിലാണ് കൂത്ത് സമർപ്പണം. എല്ലാ ദിവസവും ഉഷ പൂജയ്ക്ക് ഒപ്പം കൂത്തമ്പലത്തിൽ പുറപ്പാടും നിർവഹണവും നടത്തും. ദീപാരാധന വേളയിൽ ആരംഭിക്കുന്ന കപാലി അത്താഴ പൂജയോടെ അവസാനിക്കും. സന്ധ്യക്ക് കൂത്തമ്പലത്തിൽ പാഠകവും നടത്തും.