ജമ്മു കാശ്മീരിൽ ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സുരക്ഷാസേന. ഭീകരരുടെ സഹായിയെ സൈന്യം പിടികൂടി. പാക് അധീന കശ്മീർ സ്വദേശി മുഹമ്മദ് ആരിഫ് ആണ് പിടിയിലായത്.
രജൗരിയിലെ മഞ്ചകോട്ടിൽ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.ഞായറാഴ്ച ഉച്ചകഴിഞ്ഞ് ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘത്തെ ഇന്ത്യൻ ഭാഗത്തേക്ക് ഇയാൾ കൊണ്ടുവരികയായിരുന്നു. ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം സൈന്യം പരാജയപ്പെടുത്തി. സൈന്യത്തിന്റെ തിരിച്ചടിയിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന നാലുഭീകരർ പാറക്കെട്ടിൽനിന്ന് ചാടി പാകിസ്താൻ ഭാഗത്തേക്ക് രക്ഷപ്പെട്ടതായി അധികൃതർ പറഞ്ഞു.
പാക് സൈനിക പോസ്റ്റിന് സമീപത്തേക്കാണ് രക്ഷപ്പെട്ടത്. ഭീകരർക്ക് സാരമായി പരിക്കേറ്റെന്നാണ് സൂചന. പാക് അധിനിവേശ കശ്മീരിലെ ദത്തോട്ട് ഗ്രാമത്തിലാണ് ആരിഫ് താമസിക്കുന്നത്.
ജയ്‌ഷെ-ഇ-മുഹമ്മദ് ഭീകര വാദികളുമായി നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഒപ്പം ഉണ്ടായിരുന്ന ഭീകരർ സുരക്ഷ സേനയെ കണ്ടതോടെ പിൻവാങ്ങി. ആരിഫിൽ നിന്നുംഒരു മൊബൈൽ ഫോണും 20,000 രൂപ പാകിസ്താൻ കറൻസിയും പിടികൂടി ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് സുരക്ഷ സേന അറിയിച്ചു