കേന്ദ്ര പൊതുമേഖലാ ബാങ്കുകളിലേക്ക് പ്രബേഷനറി ഓഫിസർ/ മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സനൽ സെലക്ഷൻ അപേക്ഷ ക്ഷണിച്ചു. 2026-27 വർഷത്തേക്കാണ് നിയമനം. 11 ബാങ്കുകളാണ് പൊതു റിക്രൂട്ട്മെന്റിൽ പങ്കെടുക്കുന്നത്. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.ibps.in ൽ ലഭിക്കും. ശമ്പള നിരക്ക് 48,480-85,920രൂപ.
വിവിധ ബാങ്കുകളിലായി 5208 ഒഴിവുകളാണ് നിലവിലുള്ളത്. ഓരോ ബാങ്കിലും ലഭ്യമായ ഒഴിവുകൾ -ബാങ്ക് ഓഫ് ബറോഡ -1000, ബാങ്ക് ഓഫ് ഇന്ത്യ -700, ബാങ്ക് ഓഫ് മഹാരാഷ്ട്ര -1000, കനറ ബാങ്ക് -1000, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ -500, ഇന്ത്യൻ ഓവർസീസ് ബാങ്ക് -450, പഞ്ചാബ് നാഷനൽ ബാങ്ക് -200, പഞ്ചാബ് ആൻഡ് സിന്ത് ബാങ്ക് -358. ഇന്ത്യൻ ബാങ്ക്, യൂക്കോ ബാങ്ക്, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ഒഴിവുകൾ അറിയിച്ചിട്ടില്ല. അതിനാൽ ഒഴിവുകളുടെ എണ്ണം വർധിക്കാനാണ് സാധ്യത. പട്ടികജാതി/ വർഗം, ഒ.ബി.സി നോൺ ക്രീമിലെയർ, ഇ.ഡബ്ല്യൂ.എസ്, ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് സംവരണമുണ്ട്.
അംഗീകൃത സർവകലാശാല ബിരുദം. (21.7.2025 നകം ബിരുദമെടുത്തിരിക്കണം), പ്രായപരിധി 1.7.2025ൽ 20 വയസ്സ് തികഞ്ഞിരിക്കണം. 30 കവിയാനും പാടില്ല. സംവരണ വിഭാഗങ്ങൾക്കും വിമുക്തഭടന്മാർക്കും പ്രായപരിധിയിൽ ഇളവുണ്ട്.
അപേക്ഷ ഫീസ്:
നികുതിയടക്കം 850 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 175 രൂപ. ജൂലൈ 21 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം.
ഓൺലൈൻ പ്രിലിമിനറി, മെയിൻ പരീക്ഷ, പേഴ്സനാലിറ്റി ടെസ്റ്റ്/ ഇൻർറവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷാ ഘടനയും സിലബസും സെലക്ഷൻ നടപടികളുമെല്ലാം വിജ്ഞാപനത്തിലുണ്ട്. കേരളത്തിൽപ്രിലിമിനറി പരീക്ഷക്ക് ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ നഗരങ്ങളിലും മെയിൻ പരീക്ഷക്ക് കണ്ണൂർ, പാലക്കാട് ഒഴികെ ഇതേ നഗരങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷ കേന്ദ്രങ്ങളുണ്ടാവും. പരീക്ഷാ തീയതി, സമയം, സെന്റർ മുതലായ വിവരങ്ങൾ പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
സ്പെഷലിസ്റ്റ് ഓഫിസർ 1007 ഒഴിവുകൾ
കേന്ദ്ര പൊതുമേഖലാ ബാങ്കുകളിൽ സ്പെഷലിസ്റ്റ് ഓഫിസർ തസ്തികയിൽ 1007 ഒഴിവുകളിലേക്കും റിക്രൂട്ട്മെന്റിനായി ഐ.ബി.പി.എസ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 2026-27 വർഷത്തേക്കാണ് നിയമനം. വിശദ വിവരങ്ങളടങ്ങിയ പ്രത്യേക വിജ്ഞാപനം www.ibps.inൽനിന്നും ഡൗൺലോഡ് ചെയ്യാം. സ്പെഷലിസ്റ്റ് ഓഫിസർ സ്കെയിൽ-1 തസ്തികയുടെ ശമ്പളനിരക്ക് 48,480-85,920 രൂപയാണ്.
ബാങ്ക് ഓഫ് ബറോഡ, കനറ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക്, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ത് ബാങ്ക് എന്നീ 11 ബാങ്കുകളാണ് ഈ റിക്രൂട്ട്മെന്റിൽ പങ്കെടുക്കുന്നത്. സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗത്തിൽപെടുന്ന തസ്തികകളും ഒഴിവുകളും ചുവടെ: അഗ്രികൾചറൽ ഫീൽഡ് ഓഫിസർ -310, എച്ച്.ആർ /പേഴ്സനൽ ഓഫിസർ -10, ഐ.ടി ഓഫിസർ -203, ലോ ഓഫിസർ -56, മാർക്കറ്റിങ് ഓഫിസർ -350, രാജ്ഭാഷ അധികാരി -78. ചില ബാങ്കുകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും സംവരണവും അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങളും വിജ്ഞാപനത്തിലുണ്ട്. അപേക്ഷാ ഫീസ് 850 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 175 രൂപ. ഓൺലൈനിൽ ജുലൈ 11 വരെ അപേക്ഷിക്കാം. തെരഞ്ഞെടുപ്പിനായുള്ള പ്രിലിമിനറി, മെയിൻ പരീക്ഷകൾക്ക് കേരളത്തിൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. ലക്ഷദ്വീപിൽ കവരത്തിയാണ് പരീക്ഷ കേന്ദ്രം. ഓൺലൈൻ പ്രിലിമിനറി പരീക്ഷ 2025 ആഗസ്റ്റിലും മെയിൻ പരീക്ഷ നവംബറിലും നടത്തും. ഡിസംബർ/ജനുവരി മാസത്തിലാവും ഇന്റർവ്യൂ. പരീക്ഷാ തീയതികളും സമയവും സെന്ററും പിന്നീട് അറിയിക്കും.