+

മിനിമം ബാലൻസ് പരിധി കുത്തനെ കൂട്ടി ഐസിഐസിഐ ബാങ്ക്

പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് പരിധി അഞ്ചുമടങ്ങായി ഉയര്‍ത്തി. ഓഗസ്റ്റ് ഒന്നിനുശേഷം തുറക്കുന്ന സെലക്ട്, വെല്‍ത്ത്, പ്രൈവറ്റ്, പെന്‍ഷനേഴ്‌സ്, മുതിര്‍ന്നപൗരര്‍ എന്നീവിഭാഗത്തിലുള്ള സേവിങ്‌സ് അക്കൗണ്ടുകള്‍ക്കാണ് ഇത് ബാധകമാകുക.

മുംബൈ: പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് പരിധി അഞ്ചുമടങ്ങായി ഉയര്‍ത്തി. ഓഗസ്റ്റ് ഒന്നിനുശേഷം തുറക്കുന്ന സെലക്ട്, വെല്‍ത്ത്, പ്രൈവറ്റ്, പെന്‍ഷനേഴ്‌സ്, മുതിര്‍ന്നപൗരര്‍ എന്നീവിഭാഗത്തിലുള്ള സേവിങ്‌സ് അക്കൗണ്ടുകള്‍ക്കാണ് ഇത് ബാധകമാകുക.


ഇത്തരം അക്കൗണ്ടുകളില്‍ മെട്രോനഗരങ്ങളില്‍ മാസം ശരാശരി 50,000 രൂപയാണ് കുറഞ്ഞ മിനിമം ബാലന്‍സ് പരിധി. നേരത്തേയിത് 10,000 രൂപയായിരുന്നു. ചെറുനഗരങ്ങളിലിത് 5,000 രൂപയില്‍നിന്ന് 25,000 രൂപയായും ഗ്രാമങ്ങളില്‍ 2,500 രൂപയില്‍നിന്ന് 10,000 രൂപയായും ഉയര്‍ത്തി.

പ്രീമിയം വിദ്യാഭ്യാസസ്ഥാപനങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് മിനിമം ബാലന്‍സ് പരിധി ബാധകമല്ല. മിനിമം ബാലന്‍സ് പരിധിയില്ലാത്ത അടിസ്ഥാന സേവിങ്‌സ് ബാങ്ക് അക്കൗണ്ടുമുണ്ടാകുമെന്ന് ബാങ്കിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

അടുത്തിടെ പൊതുമേഖലാബാങ്കുകള്‍ മിക്കതും മിനിമംബാലന്‍സ് പരിധി ഒഴിവാക്കി. അതിനിടെയാണ് ഐസിഐസിഐ ബാങ്ക് അഞ്ചുമടങ്ങായി പരിധി ഉയര്‍ത്തിയത്. മിനിമം ബാലന്‍സില്‍ കുറവുവരുന്ന തുകയുടെ ആറുശതമാനം അല്ലെങ്കില്‍ പരമാവധി 500 രൂപയായിരിക്കും പിഴയെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

പണം നിക്ഷേപിക്കാനും പിന്‍വലിക്കാനുമുള്‍പ്പെടെ സേവനങ്ങള്‍ക്കുള്ള ഫീസുകളിലും മാറ്റംവരുത്തിയിട്ടുണ്ട്. ശാഖകളിലോ മെഷീനുകളിലോ മൂന്നുതവണ സൗജന്യമായി പണംനിക്ഷേപിക്കാനും പിന്‍വലിക്കാനും കഴിയും. അതിനുശേഷം ഓരോ ഇടപാടിനും 150 രൂപയാണ് ഫീസ്. 

facebook twitter