+

'ധനുഷുമായുള്ള ബന്ധം'; ഡേറ്റിംഗ് വാർത്തകളിൽ ഒടുവിൽ മൗനം വെടിഞ്ഞ് മൃണാൾ താക്കൂർ

തമിഴ് നടൻ ധനുഷുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് മൃണാൽ താക്കൂർ. പരക്കുന്നത് വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും ധനുഷ് ഒരു നല്ല സുഹൃത്ത് മാത്രമാണെന്നും മൃണാൽ പറഞ്ഞതായി തെന്നിന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തമിഴ് നടൻ ധനുഷുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് മൃണാൽ താക്കൂർ. പരക്കുന്നത് വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും ധനുഷ് ഒരു നല്ല സുഹൃത്ത് മാത്രമാണെന്നും മൃണാൽ പറഞ്ഞതായി തെന്നിന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുംബൈയിൽ നടന്ന സൺ ഓഫ് സർദാർ 2 എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കിടെ ധനുഷും മൃണാളും തമ്മിൽ സംസാരിക്കുന്ന വീഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്.

‘ഞങ്ങൾ രണ്ടുപേരും തമ്മിൽ ബന്ധമുണ്ടെന്ന തരത്തിൽ അടുത്തിടെയായി ധാരാളം വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് എനിക്കറിയാം. അത് കണ്ടപ്പോൾ എനിക്ക് തമാശയായി തോന്നി’. മൃണാൾ പറഞ്ഞതായി ഒൺലി കോളിവുഡ് റിപ്പോർട്ട് ചെയ്തു. സൺ ഓഫ് സർദാർ 2 ന്റെ പ്രദർശനത്തിലേക്ക് ധനുഷിനെ താൻ വ്യക്തിപരമായി ക്ഷണിച്ചിട്ടില്ലെന്നും മൃണാൾ വ്യക്തമാക്കി. അജയ് ദേവ്ഗണാണ് ക്ഷണം നൽകിയത്. പരിപാടിയിലെ ധനുഷിന്റെ സാന്നിധ്യത്തിൽ ആരും അധികം ചിന്തിക്കരുതെന്നും താരം കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 1ന് നടന്ന മൃണാൽ താക്കൂറിന്റെ ജന്മദിന പാർട്ടിയിൽ ധനുഷ് പങ്കെടുത്തതായുള്ള റിപ്പോർട്ടുകൾ വലിയ ചർച്ചയായിരുന്നു. കഴിഞ്ഞ മാസം, ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ധനുഷിന്റെ പുതിയ ചിത്രമായ തേരേ ഇഷ്ക് മേന് വേണ്ടി എഴുത്തുകാരിയും നിർമ്മാതാവുമായ കനിക ദില്ലൺ സംഘടിപ്പിച്ച പാർട്ടിയിൽ മൃണാൽ താക്കൂറും പങ്കെടുത്തിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ, പ്രണയ ബന്ധത്തെക്കുറിച്ച് തനിക്ക് ചില കാഴ്ചപ്പാടുകളുണ്ടെന്നും മൃണാൾ പറഞ്ഞിരുന്നു. മൃണാൾ താക്കൂർ ധനുഷിന്റെ സഹോദരിമാരെ ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്തുവെന്ന റിപ്പോർട്ടുകളും അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു. ധനുഷിന്റെ സഹോദരിമാരായ ഡോ. കാർത്തിക കാർത്തികിനെയും വിമല ഗീതയെയും മൃണാൾ ഇൻസ്റ്റ​ഗ്രാമിൽ പിന്തുടരുന്നുവെന്ന സ്ക്രീൻ ഷോട്ടുകളാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചത്.

അതേസമയം, ദക്ഷിണേന്ത്യൻ സിനിമകളിലാണ് മൃണാൾ താക്കൂർ ഇപ്പോൾ കൂടുതലായി അഭിനയിക്കുന്നത്. ധനുഷ് മുമ്പ് രജനികാന്തിന്റെ മകൾ ഐശ്വര്യയെ വിവാഹം കഴിച്ചിരുന്നു. 18 വർഷത്തെ ദാമ്പത്യ ജീവിതത്തിനും രണ്ട് കുട്ടികൾക്കും ശേഷം 2022ൽ ഇരുവരും വേർപിരിഞ്ഞു.

facebook twitter