
കണ്ണൂർ : ആറളം ഫാമിൽ ആഗസ്റ്റ് നാലിന് കാട്ടുപന്നി മരണം റിപ്പോർട്ട് ചെയ്ത സംഭവത്തിലും ആഗസ്റ്റ് 12ന് ജില്ലയിലെ പടിയൂരിലെ ഒരു ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തതിലും ബന്ധപ്പെട്ട വകുപ്പുകൾ സംയുക്തമായി ആവശ്യമായ സുരക്ഷ, പ്രതിരോധ നടപടികൾ സ്വീകരിച്ചതായും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അരുൺ കെ വിജയൻ അറിയിച്ചു.
ആറളം ഫാമിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് പോസ്റ്റ്‌മോർട്ടം നടത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. കാട്ടുപന്നികളുടെ ശവശരീരം അഴുകിയ നിലയിൽ ആയിരുന്നതിനാൽ മൈക്രോബയോളജി പരിശോധന സാധ്യമല്ല. ആയതിനാൽ പാസ്ച്ചുറെല്ല , ആഫ്രിക്കൻ പന്നിപ്പനി എന്നീ രോഗ നിർണയത്തിനായി സാമ്പിളുകൾ തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലേക്ക് (SIAD) ആഗസ്റ്റ് അഞ്ചിന് അയച്ചു കൊടുത്തിട്ടുണ്ട്. വനം വകുപ്പ് നിരീക്ഷണവും പരിശോധനയും ഊർജിതമാക്കി.
ആഗസ്റ്റ് 12ന് പടിയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 12, കുയിലൂരിലെ വി വി സുധാകരൻ എന്ന കർഷകൻ്റെ പന്നിഫാമിലെ പന്നികളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ റിപ്പോർട്ട് ചെയ്തത്. തുടർന്ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചൊവ്വാഴ്ച ഉച്ചക്ക് മൃഗ സംരക്ഷണ വകുപ്പ്, വനം വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ അടിയന്തര യോഗം ചേർന്നു. രോഗം സ്ഥിരീകരിച്ച പടിയൂർ ഗ്രാമ പഞ്ചായത്ത് മേഖലയിൽ പ്രതിരോധ നടപടികൾ സ്വീകരിക്കുവാൻ ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ കളക്ടർ ഉത്തരവിട്ടു.
ഇതുപ്രകാരം പടിയൂർ ഗ്രാമ പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചതിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഈ പ്രദേശങ്ങളിൽ പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളിൽ നിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും മൂന്നു മാസത്തേക്ക് നിരോധിച്ചു.
രോഗപ്രഭവ കേന്ദ്രമായ വി വി സുധാകരന്റെ ഫാമിൽ തീറ്റ ഉണ്ടെങ്കിൽ അവ സംസ്കരിച്ച് ഫാമിൽ യഥാവിധി അണുനശീകരണം നടത്തുന്നതിന് മൃഗസംരക്ഷണ ഓഫീസർ ആവശ്യമായ നടപടി സ്വീകരിക്കും.പടിയൂർ ഗ്രാമ പഞ്ചായത്തിലെ പന്നി ഫാമുകളിൽ നിന്നും മറ്റ് പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ചു അടിയന്തിര റിപ്പോർട്ട് ജില്ലാ മൃഗസംരക്ഷണ ഓഫീസർ സമർപ്പിക്കണം.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താൻ സാധ്യതയുള്ളതിനാൽ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാർഗങ്ങളിലും പോലീസുമായും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുമായും ചേർന്ന് മൃഗസംരക്ഷണ വകുപ്പ് കർശനമായ പരിശോധന നടത്തേണ്ടതാണ്. രോഗ വിമുക്ത മേഖലയിൽ നിന്നുള്ള പന്നികളെമാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളു എന്ന് ഈ സംഘം ഉറപ്പ് വരുത്തേണ്ടതാണ്.
രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ പോലീസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫീസർ, കെ എസ് ഇ ബി എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവരുൾപ്പെട്ട ടീം രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടി ജില്ലാ മൃഗസംരക്ഷണ ഓഫീസർ, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി എന്നിവർ ചേർന്ന് സ്വീകരിക്കേണ്ടതാണ്.
പന്നികളെ ശാസ്ത്രീയമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായവും ജില്ലാ ആരോഗ്യ വകുപ്പും കെ എസ് ഇ ബി അധികൃതരും നൽകേണ്ടതാണ്.
ജില്ലയിലെ മറ്റ് ഭാഗങ്ങളിൽ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന അധികാരികൾ വില്ലേജ് ഓഫീസർമാർ, റൂറൽ ഡയറി ഡെവലപ്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ ബന്ധപ്പെട്ട വെറ്റിനറി ഓഫീസറെ വിവരം അറിയിക്കണം. വെറ്ററിനറി ഓഫീസർ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കേണ്ടതാണ്. വെറ്ററിനറി ഓഫീസർക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും വകുപ്പ് ഉദ്യോഗസ്ഥർ നൽകേണ്ടതാണ്.
ഉത്തരവുകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് പടിയൂർ പഞ്ചായത്ത് സെക്രട്ടറി ഉറപ്പു വരുത്തേണ്ടതാണെന്നും അറിയിച്ചു.
ജില്ലയിലെ പയ്യാവൂർ, കൂടാളി, ഉളിക്കൽ, ഇരിക്കൂർ, പായം, മലപ്പട്ടം, കൂടാളി, കീഴല്ലൂർ കുറ്റ്യാട്ടൂർ, മാലൂർ, ശിവപുരം, തില്ലങ്കേരി എന്നീ ഗ്രാമ പഞ്ചായത്തുകളെയും മട്ടന്നൂർ, ശ്രീകണ്ഠപുരം, ഇരിട്ടി മുൻസിപ്പാലിറ്റികളെയും നിരീക്ഷണ വലയത്തിൽ ഉൾപ്പെടുത്തി. ഈ പ്രദേശങ്ങളിൽ കർശന ജാഗ്രത പുലർത്തേണ്ടതാണ്.
ജില്ലയിൽ പന്നികളുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയും മൃഗ സംരക്ഷണ വകുപ്പിനെയും അറിയിച്ച് അവരുടെ നിർദ്ദേശാനുസരണം ജഡം മറവു ചെയ്യാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടർ ഉത്തരവിൽ വ്യക്തമാക്കി.