ഐ സി ആർ എം 2025 അമൃതയിൽ സമാപിച്ചു

11:22 PM Nov 08, 2025 |


അമൃതപുരി (കൊല്ലം): റോബോട്ടിക്സ്, ഓട്ടോമേഷൻ, ഇന്റലിജന്റ് സിസ്റ്റംസ് മേഖലകളിലെ വളർന്നുവരുന്ന ട്രെന്റുകൾ, സാങ്കേതികവിദ്യകൾ, നൂതനാശയങ്ങൾ എന്നിവ പരിചയപ്പെടുത്തിക്കൊണ്ട് അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടന്ന ഇന്റർനാഷണൽ കോൺഫറൻസ് ഓൺ റോബോട്ടിക്സ് ആന്റ് മെക്കട്രോണിക്സ് (ഐ സി ആർ എം) 2025 സമാപിച്ചു. 

അമൃത ഹട്ട് ലാബ്‌സിന്റെ (ഹ്യുമാനിറ്റേറിയൻ ടെക്‌നോളജി ലാബ്സ്) നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിന്റെ ഉദ്ഘാടനം ചെന്നൈ ബയോ വേൾഡ് വെയ്സ്റ്റ് മാനേജ്‌മെന്റ് സൊല്യൂഷൻ സി ഇ ഓ കണ്ണൻ താജ്‌പുർ സമ്പത്ത് നിർവഹിച്ചു. ഡൽഹി എ ടി എസ് മാനേജിങ് ഡയറക്ടർ രാമനാഥൻ ശ്രീനിവാസൻ മുഖ്യാതിഥിയായി. ചടങ്ങിൽ ഐ ഇ ഇ ഇ കേരളാ സെക്ഷൻ അധ്യക്ഷൻ ഡോ. ബി എസ് മനോജ്, ബ്രഹ്മചാരി അച്യുതാമൃത ചൈതന്യ, ഡോ എസ് എൻ ജ്യോതി, ഡോ. രാജേഷ് കണ്ണൻ മേഘലിംഗം, ഡോ രമ്യ എന്നിവർ പങ്കെടുത്തു. ഹട്ട് ലാബ്സിൽ വികസിപ്പിച്ചെടുത്ത ആർട്ടിഫിഷ്യൽ ഇന്റലിജെന്റ്സിന്റെ സഹായത്തോടെ പ്രവർത്തിപ്പിക്കാവുന്ന തേങ്ങാ പൊതിക്കുന്ന യന്ത്രങ്ങൾ ചടങ്ങിൽ വച്ച് കർഷകർക്ക് കൈമാറി.

ഐ സി ആർ എം 2025 ന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തുമുള്ള മുൻ നിര വാഹന നിർമ്മാണ കമ്പനികൾ പങ്കെടുത്തുകൊണ്ടുള്ള സ്മാർട്ട് വെഹിക്കിൾ എക്സ്പോയും സംഘടിപ്പിച്ചു.  ആഡംബര വാഹന നിർമാണ മേഖലയിലെ ഭീമന്മാരായ ഫോക്സ് വാഗൺ, ജീപ്പ്, ബി വൈ ഡി, ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്ര, ടാറ്റ, മാരുതി സുസൂക്കി എന്നിവരുൾപ്പെടെ പങ്കെടുത്ത സ്മാർട്ട് വെഹിക്കിൾ എക്സ്പോയിൽ വിപണിയിലെ ഏറ്റവും പുതിയ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ പ്രദർശിപ്പിച്ചു. വാഹനങ്ങൾക്ക് പുറമെ വിപണിയിലെ നൂതന ഇന്റലിജന്റ് മൊബിലിറ്റി സൊല്യൂഷനുകളും ഓട്ടോണമസ് വാഹന സാങ്കേതികവിദ്യകളും എക്സ്പോയിൽ പ്രദർശിപ്പിച്ചു.

ഐ സി ആർ എമ്മിന്റെ ഭാഗമായി സ്മാർട്ട് വെഹിക്കിൾ എക്സ്പോയ്ക്ക് പുറമെ റോബോട്ടിക്സ്, എഐ, ഓട്ടോണമസ് സിസ്റ്റംസ് എന്നിവയിലെ അത്യാധുനിക വിഷയങ്ങളെക്കുറിച്ചുള്ള പ്രായോഗിക പരിശീലന സെഷനുകൾ, റോബോ എക്സ്പോ എന്നിവയും ക്യാമ്പസിൽ സംഘടിപ്പിച്ചു. 

കോൺഫറൻസിന്റെ ഭാഗമായി റോബോട്ടിക്സ്, ഓട്ടോമേഷൻ, ഇന്റലിജന്റ് സിസ്റ്റംസ് എന്നിവയിലെ വളർന്നുവരുന്ന ട്രെന്റുകൾ, സാങ്കേതികവിദ്യകൾ, നൂതനാശയങ്ങൾ എന്നിവ ചർച്ച ചെയ്തു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കോൺഫറൻസിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗവേഷകർ, അക്കാദമിഷ്യൻമാർ, വിദ്യാർത്ഥികൾ, വ്യവസായ പ്രമുഖർ എന്നിവരാണ് അമൃതപുരിയിൽ എത്തിയത്.