ബെംഗളുരു: ഒരുകാലത്ത് ഡല്‍ഹിയും മുംബൈയും പോലുള്ള നഗരങ്ങളിലെ ജീവിതങ്ങള്‍ എത്രമാത്രം ബുദ്ധിമുട്ടിയാണ് പോയിരുന്നതെന്ന് പലര്‍ക്കും അറിയാവുന്നതാണ്. ഈ മെട്രോ നഗരങ്ങളില്‍ പല ശമ്പളത്തിലുള്ളവരും ഓരോ രീതിയില്‍ ജീവിക്കുന്നു. വളരെ ചെറിയ ശമ്പളമുള്ളവര്ക്കുപോലും ജീവിക്കാവുന്ന സാഹചര്യം ഈ നഗരങ്ങളില്‍ അന്നുണ്ടായിരുന്നു. എന്നാല്‍, ബെംഗളുരു പോലൊരു നഗരത്തില്‍ ഇന്ന് ജീവിച്ചുപോകണമെങ്കില്‍ മികച്ച ശമ്പളമില്ലാതെ കഴിയില്ലെന്ന അവസ്ഥയാണ്.
വാടകയും ഡെപ്പോസിറ്റുമെല്ലാം സാധാരണക്കാരന് താങ്ങാവുന്നതിലും ഏറെയാണ്. ഗതാഗത ചെലവുകൂടിയാകുന്നതോടെ ശമ്പളത്തിന്റെ നല്ലൊരു ഭാഗവും ഇതിനായി മാറ്റിവെക്കണം.
ബെംഗളൂരുവില്‍ വര്‍ഷം 6 ലക്ഷം രൂപ ശമ്പളമുണ്ടായാല് അതായത് മാസം 50,000 രൂപ ലഭിച്ചാല്‍ ജീവിക്കാന്‍ സാധിക്കുമോ എന്ന ഒരു ടെക്കിയുടെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്കിടയാക്കി. അഭിമുഖത്തിനിടെ എത്ര ശമ്പളം പ്രതീക്ഷിക്കുന്നു എന്ന ചോദ്യത്തിന് വര്‍ഷം 6 ലക്ഷം രൂപ എന്ന് പറയുകയും കമ്പനി അത് സമ്മതിക്കുകയും ചെയ്തതോടെയാണ് ടെക്കിക്ക് സംശയമേറിയത്.
എത്രവേണ്ടിവരും എന്ന ചോദ്യത്തിന് 6 ലക്ഷം രൂപ എന്ന് പറഞ്ഞു. അത് സമ്മതമാണെന്ന് ഉടന്‍ മറുപടിയും പറഞ്ഞു. ഈ ശമ്പളംകൊണ്ട് ബെംഗളുരുവില്‍ ജീവിക്കാന്‍ കഴിയുമോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
റെഡ്ഡിറ്റില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് അതിവേഗമാണ് വൈറലായി മാറിയത്. പലരും പലതരം അഭിപ്രായം പങ്കിട്ടു. ചിലര്‍ ഈ ശമ്പളം മതിയാകുമെന്ന് പറഞ്ഞപ്പോള്‍ കുടുംബമായി ജീവിക്കുന്നവര്‍ക്ക് ഒന്നുമാകില്ലെന്നാണ് ചിലരുടെ അഭിപ്രായം. ഒറ്റയ്ക്ക് ലളിതമായി ജീവിക്കാന്‍ ഇത് മതിയാകുമെന്ന് ഭൂരിഭാഗംപേരും പറയുമ്പോള്‍ ബെംഗളുരുവിലെ ജീവിതച്ചെലവ് ഊഹിക്കാവുന്നതയേയുള്ളൂ.