കണ്ണൂർ പയ്യാവൂരിൽ മുൻ വൈരാഗ്യത്തിന്റെ പേരില്‍ യുവാക്കളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിലെ പ്രതി അറസ്റ്റില്‍. വാതില്‍മടയിലെ പള്ളിക്കാല്‍ നൗഷാദ് (36), പുതിയ പുരയില്‍ ജയൻ ( 35 ) എന്നിവരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസില്‍ വാതില്‍മട സ്വദേശി സജി തോമസിനെയാണ് (48) പയ്യാവൂർ സിഐ ട്വിങ്കിള്‍ ശശി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ പതിനെട്ടിന് രാത്രി ഒമ്പതിന് പയ്യാവൂർ വാതില്മടയിലായിരുന്നു കേസിനാസ്പദമായ സംഭവം. ശ്രീരശ്മൻ എന്നയാളുടെ കടയുടെ സമീപം നില്‍ക്കുകയായിരുന്ന നൗഷാദിനെ കാറിടിച്ച് വീഴ്ത്തിയശേഷം വീണ്ടും ഇടിക്കാൻ ശ്രമിക്കുകയായിരുന്നു. സമീപത്ത് നില്‍ക്കുകയായിരുന്നു ജയനെയും ഇടിച്ചു വീഴ്ത്തിയിരുന്നു. ഗുരുതര പരിക്കേറ്റ നൗഷാദിനെയും
ജയനെയും ശ്രീരശ്മനും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ശ്രീരശ്മന്റെ പരാതിയില്‍ പയ്യാവൂർ പോലീസ് വധ ശ്രമത്തിന് കേസെടുക്കുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.