തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയ ഒൻപത് ചിത്രങ്ങൾക്ക് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഓഗസ്റ്റ് 22 മുതൽ 27 വരെ സംഘടിപ്പിക്കുന്ന 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള വേദിയാകുന്നു. കാൻ ചലച്ചിത്രമേളയിൽ ലാ സിനിഫ് വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ഹിയോ ഗാ-യോങ് സംവിധാനം ചെയ്ത 'ഫസ്റ്റ് സമ്മർ' തന്റെ കുടുംബത്തിനു വേണ്ടി മാത്രം ജീവിതം സമർപ്പിച്ച ഒരു വൃദ്ധ പുതിയ ജീവിതപാത കണ്ടെത്തുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും ചർച്ചയാക്കുന്നു.
2025 പാംദോര്‍ ജേതാവായ തൗഫീഖ് ബർഹോം സംവിധാനം ചെയ്ത 'ഐ ആം ഗ്ലാഡ് യു ആർ ഡെഡ് നൗ' എന്ന ചിത്രമാണ് മറ്റൊരു ആകർഷണം. കാൻ ചലച്ചിത്രമേളയിൽ മികച്ച ഹ്രസ്വചിത്രമായി ഈ ചിത്രം തിരഞ്ഞെടുത്തിട്ടുണ്ട്. തങ്ങൾ ജനിച്ചു വളർന്ന ദ്വീപിലേക്ക് മടങ്ങുന്ന രണ്ട് സഹോദരന്മാരും അവിടെവെച്ച് അവർക്ക് നേരിടേണ്ടി വരുന്ന ഇരുണ്ട ഓർമ്മകളുമാണ് ചിത്രത്തിന്റെ ഉള്ളടക്കം.
2025 കുപ്ര ഫിലിം മേക്കർ പുരസ്‌കാരം ലഭിച്ച ക്വെന്റൺ മില്ലർ സംവിധാനം ചെയ്ത ചിത്രമാണ് 'കോക്കി, സിയാവോ'. യുഗോസ്ലാവ് നേതാവായിരുന്ന ടിറ്റോയുടെ വളർത്ത് തത്തയാണ് 67 വയസ്സുള്ള കോക്കി. ബ്രിജൂണി ദ്വീപുകളിലെ നയതന്ത്രത്തിന്റെയും വിനോദത്തിന്റെയും പ്രതീകമായിരുന്നു ഒരുകാലത്ത് കോക്കി. ഇന്ന്, ഒരു പഴയ രാഷ്ട്രീയ കാലഘട്ടത്തിന്റെ ജീവിക്കുന്ന അവശേഷിപ്പായി കോക്കിയെ ഒരു പ്രദർശനവസ്തുവായി മാത്രം കണക്കാക്കുന്നതും ചിത്രത്തിലൂടെ ചർച്ചയാക്കുന്നു.
ദൈനംദിന ജീവിതത്തിലെ വ്യത്യസ്‌തകൾ പല നിറങ്ങളിൽ തുറന്നു കാട്ടുന്ന ചിത്രമാണ് യോറികോ മിസുസുറി സംവിധാനം ചെയ്ത 'ഓർഡിനറി ലൈഫ്'. 2025 ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ജൂറി ഹ്രസ്വചിത്രത്തിന് സിൽവർ ബെർലിൻ ബെയർ പുരസ്‌കാരം ലഭിച്ചു.
ജന ശ്രദ്ധ നേടിയ ക്യൂ സ്ഹി ചിങ്ങ് സംവിധാനം ചെയ്ത '12 മൊമെന്റ്‌സ് ബിഫോർ ദി ഫ്ലാഗ് റൈസിംഗ് സെറിമണി' എന്ന ചിത്രം 78-ാമത് കാൻ ചലച്ചിത്രമേളയിൽ ലാ സിനിഫ് വിഭാഗത്തിൽ മികച്ച രണ്ടാമത്തെ ചിത്രത്തിന് അർഹമായി. ബീജിംഗിലെ ഒരു മിഡിൽ സ്‌കൂളിൽ പതാക ഉയർത്തൽ ചടങ്ങിനായി തയ്യാറെടുക്കുന്ന ഫെങ് സിയാവോയും പിന്നീട് ആ ഉത്തരവാദിത്വത്തിൽ നിന്ന് തന്നെ ഒഴിവാക്കാനുള്ള ആസൂത്രണത്തിനെതിരെ അവൻ നടത്തുന്ന പോരാട്ടവുമാണ് കഥയുടെ ഇതിവൃത്തം.
വിദേശത്ത് താമസിക്കുന്ന ഒലിവിയ തന്റെ ഭൂതകാലവുമായി വീണ്ടും ഒന്നിക്കാമെന്ന പ്രതീക്ഷയിൽ മെക്സിക്കോയിലെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളുമാണ് നാറ്റാലിയ ലിയോൺ സംവിധാനത്തിൽ എത്തുന്ന 'ആസ് ഇഫ് ദി ഏർത് ഹെഡ് സ്വാലോഡ് ദെം അപ്പ്' എന്ന ചിത്രത്തിലൂടെ പറയുന്നത്. 2025 സണ്ടാൻസ് ചലച്ചിത്രമേളയിൽ അനിമേഷൻ വിഭാഗത്തിൽ ഹ്രസ്വചിത്ര ജൂറി പുരസ്‌കാരം ചിത്രത്തിന് ലഭിച്ചിരുന്നു.
ഒരു റീജിയണൽ ബാങ്ക് ജീവനക്കാരിയായ കിഷിദയെ ടോക്കിയോ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റുന്നുതും, ടോക്കിയോയിലെ ഒരു സ്വതന്ത്ര ചലച്ചിത്ര നിർമാതാവായ കുറ എന്ന ഹൈസ്കൂൾ സുഹൃത്തിനൊപ്പം താൽക്കാലികമായി താമസിക്കാൻ ഒരുങ്ങുന്നതുമാണ് മിക്കി ടനാക സംവിധാനം ചെയ്ത 'ജിൻജർ ബോയ്'. 2025 കാൻ ചലച്ചിത്രമേളയിൽ ലാ സിനിഫ് വിഭാഗത്തിൽ മൂന്നാം സ്ഥാനം ചിത്രം കൈവരിച്ചിരുന്നു.
കരോലിൻ പോഗിയും ജോനാഥൻ വിനലും സംവിധാനം ചെയ്ത 'ഹൗ ആർ യു?' പറയുന്നത് സമകാലിക ലോകം മൂലമുണ്ടാകുന്ന രോഗങ്ങളെ പുനരധിവാസത്തിലൂടെ സുഖപ്പെടുത്താൻ ശ്രമിക്കുന്നു തീരപ്രദേശത്ത് ജീവിക്കുന്ന ഒരു കൂട്ടം മൃഗങ്ങളുടെ കഥയാണ്. ചിത്രത്തിന് 2025 ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ യൂറോപ്പ്യൻ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.
തന്റെ പ്രിയപ്പെട്ട ബിയർ സ്റ്റാൻഡ് അടച്ച് പൂട്ടുന്നതിൽ നിന്ന് തടയാനുള്ള ഒരു മനുഷ്യന്റെ നെട്ടോട്ടമാണ് ജാൻ സാസ്ക സംവിധാനം ചെയ്ത 'ഹുരികാൻ' പറയുന്നത്. ചിത്രത്തിന് 2024 അന്നസി ആനിമേറ്റഡ് ചലച്ചിത്രമേളയിൽ പ്രേക്ഷക പുരസ്‌കാരം ലഭിച്ചിരുന്നു. കൂടാതെ, ലണ്ടൻ അന്താരാഷ്ട്ര അനിമേഷൻ ചലച്ചിത്രമേളയിലും പ്രേക്ഷക പുരസ്‌കാരം ലഭിച്ചു.