മറയൂരിൽ കാട്ടാനാക്രമണത്തിൽ ഒരാൾക്ക് പരുക്ക്

11:09 AM Apr 07, 2025 | AJANYA THACHAN

ഇടുക്കി : മറയൂരിൽ കാട്ടാനാക്രമണത്തിൽ ഒരാൾക്ക് പരുക്ക്. മറയൂർ പെരടിപ്പള്ളം സ്വദേശി മുനിയസ്വാമി (56) ആണ് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് അടിമാലിയിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ മകളുടെ വീട്ടിൽ നിന്നും പാമ്പൻപാറയിലെ പണിസ്ഥലത്തേക്ക് പോയതാണ് മുനിയസ്വാമി. ഇതിനിടെ അബദ്ധത്തിൽ ഒറ്റയാന്റെ മുമ്പിൽ പെടുകയായിരുന്നു. തുടർന്ന് മുനിയസ്വാമിയെ ഒറ്റയാൻ തുമ്പിക്കൈയ്ക്ക് ചുഴറ്റി എറിഞ്ഞു.

സമീപവാസികൾ വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് മറയൂർ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് മുനിയസ്വാമിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് പരിക്കേറ്റ മുനിയസ്വാമി നിലവിൽ അടിമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.