+

പൈനാവ് വാട്ടർ അതോറിറ്റി ഗസ്റ്റ് ഹൗസിന്റെ നിർമ്മാണ പുരോഗതി മന്ത്രി റോഷി അഗസ്റ്റിൻ വിലയിരുത്തി

പൈനാവ് വാട്ടർ അതോറിറ്റി ഗസ്റ്റ് ഹൗസിന്റെ നിർമ്മാണ പുരോഗതി മന്ത്രി റോഷി അഗസ്റ്റിൻ വിലയിരുത്തി

ഇടുക്കി : പൈനാവിൽ വാട്ടർ അതോറിറ്റി നിർമ്മിക്കുന്ന ഗസ്റ്റ് ഹൗസിന്റെ നിർമ്മാണ പുരോഗതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വിലയിരുത്തി. ഗസ്റ്റ് ഹൗസിനോട് അനുബന്ധിച്ച് സെക്ഷൻ ഓഫീസും സബ് ഡിവിഷൻ ഓഫീസും നിർമിക്കും. സാധാരണക്കാരായ ജനങ്ങൾക്ക് വാട്ടർ അതോറിറ്റി ഓഫീസുമായി ബന്ധപ്പെട്ട സേവനം കൂടുതൽ സൗകര്യപ്രദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൈനാവ് ടൗണിൽ ജല സംഭരണിക്ക് താഴെയായി ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത്. മൂന്ന് സ്യൂട്ട് റൂമുകളും രണ്ട് ഓർഡിനറി റൂമുകളും ഉൾപ്പെടുന്ന ഗസ്റ്റ് ഹൗസാണ് നിർമ്മിക്കുന്നത്. വിനോദസഞ്ചാരികൾക്ക് മിതമായ നിരക്കിൽ താമസം ലഭ്യമാക്കുന്നതോടൊപ്പം വാട്ടർ അതോറിറ്റിയുടെ ജല ഇതര വരുമാനം വർധിപ്പിക്കുകയുമാണ് ലക്ഷ്യം. 

ജലജീവൻ മിഷന്റെ ഭാഗമായി രണ്ടര ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്ക് നിർമിക്കുമ്പോൾ ഇതിന്റെ താഴെയുള്ള ഭാഗങ്ങൾ അതിഥി മന്ദിരത്തിനും ഓഫീസ് കെട്ടിടത്തിനുമായി വിനിയോഗിക്കുകയായിരുന്നു. മൂന്നാമത്തെ നില വരുന്ന ഭാഗത്തെ സ്ഥലം ഉപയോഗപ്പെടുത്തിയാണ് സെക്ഷൻ, സബ് ഡിവിഷൻ ഓഫീസുകൾ ക്രമീകരിക്കുന്നത്. 30 ലക്ഷം രൂപയാണ് അതിഥി മന്ദിരത്തിനും ഓഫീസ് കെട്ടിടത്തിനുമായി അനുവദിച്ചിട്ടുള്ളത്.  

നിർമ്മാണ പുരോഗതി വിലയിരുത്തിയ മന്ത്രി പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കാൻ നിർദേശം നൽകി. മെയ് അവസാനത്തോടെ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 

ചിത്രം: വാട്ടർ അതോറിറ്റി ഗസ്റ്റ് ഹൗസിന്റെയും, ഓഫീസിന്റെയും നിർമ്മാണ പുരോഗതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ജല അതോറിറ്റി ഉദ്യോഗസ്ഥരും വിലയിരുത്തുന്നു.

facebook twitter