48 മണിക്കൂറിനുള്ളില്‍ സഹായമെത്തിയില്ലെങ്കില്‍ ഗാസയിലെ 14,000ത്തോളം കുഞ്ഞുങ്ങള്‍ മരിക്കും ; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ

08:10 AM May 21, 2025 |


 48 മണിക്കൂറിനുള്ളില്‍ അടിയന്തര മാനുഷിക സഹായമെത്തിയില്ലെങ്കില്‍ ഗാസയിലെ 14,000ത്തോളം കുഞ്ഞുങ്ങള്‍ മരിക്കുമെന്ന ഞെട്ടിക്കുന്ന അറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. കഴിഞ്ഞ ദിവസം സഹായവുമായി അഞ്ച് ട്രക്കുകള്‍ ഗാസയിലെത്തിയെന്നും എന്നാല്‍ ഇത് സമുദ്രത്തിലെ തുള്ളിയെന്ന പോലെ അപര്യാപ്തമാണെന്നും ഐക്യരാഷ്ട്ര സഭ ഹുമാനിറ്റേറിയന്‍ തലവന്‍ ടോം ഫ്ളെച്ചര്‍ പറഞ്ഞു

ഗാസാ മുനമ്പിലെ രണ്ട് മില്യണ്‍ ആളുകള്‍ പട്ടിണിയാണെന്നും എന്നാല്‍ ടണ്‍ കണക്കിന് ഭക്ഷണം അതിര്‍ത്തിയില്‍ വെച്ച് തന്നെ ഇസ്രയേല്‍ തടയുകയാണെന്നും കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനം ഗെബ്രിയേസസ് പറഞ്ഞിരുന്നു. പിന്നാലെയാണ് ഫ്ളെച്ചറിന്റെ മുന്നറിയിപ്പും വന്നിരിക്കുന്നത്.

'ഇത് ഹമാസ് മോഷ്ടിക്കാന്‍ പോകുന്ന ഭക്ഷണമല്ല. ഇസ്രയേലിന്റെ ആക്രമണമുണ്ടാകാം. എന്നാല്‍ ഭക്ഷണം നല്‍കാന്‍ സാധിക്കാത്ത അമ്മമാരുടെ മക്കള്‍ക്ക് ഭക്ഷണം നല്‍കുക എന്നതിനേക്കാള്‍ മികച്ച മറ്റൊരു ആശയം ഞാന്‍ കാണുന്നില്ല', അദ്ദേഹം പറഞ്ഞു. മാര്‍ച്ച് രണ്ട് മുതല്‍ ഭക്ഷണം, മരുന്നുകള്‍ തുടങ്ങി ജീവന്‍ രക്ഷയ്ക്കുള്ള എല്ലാ സംവിധാനവും ഗാസയിലേക്ക് പ്രവേശിക്കുന്നത് ഇസ്രയേല്‍ തടഞ്ഞിരുന്നു. മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ആദ്യമായി ഗാസയിലേക്ക് സഹായവുമായുള്ള ട്രക്കുകള്‍ പ്രവേശിച്ചത്.

നിലവില്‍ 100 ട്രക്കുകള്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കുമെന്ന് ഇസ്രയേല്‍ അറിയിച്ചുണ്ട്.