ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ 22കാരിയായ ദളിത് യുവതിയുടെ മരണത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഫൈസാബാദ് എംപി അവദേഷ് പ്രസാദ്. കനാലില്‍ നിന്നും നഗ്‌നമായ നിലയില്‍ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ വൈകാരിക പ്രതികരണം. വികാരാധീതനായ എംപി യുവതിക്ക് നീതി ലഭിച്ചില്ലെങ്കില്‍ രാജിവെക്കുമെന്നും പ്രതികരിച്ചു. പ്രതികരണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
'നിങ്ങള്‍ അവര്‍ക്ക് വേണ്ടി പോരാടണം. അവള്‍ക്ക് നീതി ലഭ്യമാക്കണം. ഞാന്‍ ലോക്സഭയില്‍ മോദിക്ക് മുന്നില്‍ വിഷയം ഉന്നയിക്കും. നീതി ലഭിച്ചില്ലെങ്കില്‍ ഞാന്‍ രാജിവെക്കും', അദ്ദേഹം പറഞ്ഞു. തനിക്ക് പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ലെന്നും ഇതെങ്ങനെ സംഭവിച്ചുവെന്ന് പറഞ്ഞ് തേങ്ങിക്കരയുന്ന എംപിയെയും വീഡിയോയില്‍ കാണാം. സമീപമുള്ളവര്‍ എംപിയെ സമാധാനിപ്പിക്കുന്നതും വീഡിയോയിലുണ്ട്.