ഐ.ഐ.ടി ഖരഗ്പൂർ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

06:20 PM Apr 21, 2025 | Neha Nair

ലക്നോ: വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് കടുത്ത ആശങ്കകൾ ഉയർത്തി ഇന്ത്യയിലെ മുൻനിര എൻജിനീയറിങ് സ്ഥാപനത്തിലെ വിദ്യാർത്ഥി ആത്മഹത്യ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) ഖരഗ്പൂരിലെ നാലാം വർഷ വിദ്യാർത്ഥിയായ അനികേത് വാൾക്കറിനെ ഏപ്രിൽ 20 ഞായറാഴ്ച ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

മഹാരാഷ്ട്രയിലെ ഗോണ്ടിയ സ്വദേശിയാണ് 22 കാരനായ അനികേത് വാൾക്കർ. ഓഷ്യൻ എഞ്ചിനീയറിങ്, നേവൽ ആർക്കിടെക്ചർ എന്നിവയിൽ ബിരുദം നേടുകയായിരുന്നു. സംഭവത്തിൽ ഖരഗ്പൂർ ടൗൺ പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണം അസ്വാഭാവിക മരണത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ടെങ്കിലും കൃത്യമായ കാരണം സ്ഥിരീകരിക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി അധികൃതർ കാത്തിരിക്കുകയാണ്. വാൾക്കറിന്റെ മൃതദേഹം സഹപാഠികൾ കണ്ടുവെന്നും അവർ ഉടൻ തന്നെ കാമ്പസ് അധികൃതരെയും പൊലീസിനെയും അറിയിച്ചതായും പറയുന്നു.

ജനുവരിയിൽ 21 കാരനായ സാവൻ മാലിക്കിന്റെ മരണത്തിനുശേഷം ഐ.ഐ.ടി ഖരഗ്പൂർ കാമ്പസിൽ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. 2023 ഒക്ടോബറിലും 2024 ജൂണിലും മുമ്പ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പ്രവണത സ്ഥാപനത്തിലെ വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് വീണ്ടും ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഇതെത്തുടർന്ന് കാമ്പസ് അധികൃതർ വിദ്യാർത്ഥികളെ കൗൺസിലിങും പിന്തുണയും തേടാൻ പ്രോത്സാഹിപ്പിക്കുന്നു.