കണ്ണൂർ : കണ്ണൂർ കോടതിക്ക് മുൻപിലെ അനധികൃത പാർക്കിങ് ബസ് കാത്തിരുപ്പുകാർക്ക് ദുരിതമാകുന്നു. ബസ് കാത്തിരുപ്പ് കേന്ദ്രത്തിൻ്റെ മുൻപിലാണ് സ്വകാര്യ വ്യക്തികൾ കാറുൾപ്പെടെ മണിക്കൂറുകളോളം നിർത്തിയിട്ടു പോകുന്നത്. കോടതിയിൽ വരുന്ന അഭിഭാഷകരിൽ ചിലരും റോഡരികിലാണ് വാഹനം പാർക്ക് ചെയ്യുന്നത്. വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ബസ് കാത്തു നിൽക്കുന്ന സ്ഥലമാണിത്.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും മയ്യിൽ - കാട്ടമ്പള്ളി, വളപട്ടണം , പാപ്പിനിശേരി റൂട്ടിലേക്കുള്ള ബസുകളാണ് ഇവിടെ നിർത്തുന്നത്. അനധികൃത പാർക്കിങ് കാരണം ബസ് യാത്രക്കാർക്ക് സുഗമമായി കയറാനും ഇറങ്ങാനും കഴിയുന്നില്ലെന്ന പരാതിയുണ്ട്. ട്രാഫിക്ക് പൊലിസ് ഈ അനധികൃത പാർക്കിങ്ങിനെതിരെ നടപടിയെടുക്കാൻ തയ്യാറാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
കണ്ണൂർ കോടതി കെട്ടിടത്തിൻ്റെ നിർമ്മാണം നടന്നു വരുന്നതിനാൽ ഇവിടെയെത്തുന്ന വാഹനങ്ങൾക്ക് മുഴുവൻ കോടതി വളപ്പിൽ പാർക്ക് ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇതാണ് റോഡരികിലെ പാർക്കിങ് വർദ്ധിക്കാൻ കാരണമെന്നാണ് ബസ് യാത്രക്കാർ പറയുന്നത്.