+

ഹണി റോസിന്റെ കാര്യത്തില്‍ കാര്യങ്ങള്‍ അത്രയും നിഷ്‌കളങ്കമാണെന്ന് തോന്നുന്നില്ല ; നടി ഫറ ഷിബ്ല

ഹണി റോസിനെ കുറിച്ച്, പരസ്യമായോ, രഹസ്യമായോ 'ഇവര്‍ എന്താണ് ഈ കാണിക്കുന്നത് എന്ന് ചോദിക്കാത്തവര്‍ ഉണ്ടാകില്ലെന്നും ഫറ പറഞ്ഞു.

അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ ഹണി റോസിനെ വിമര്‍ശിച്ച് നടി ഫറ ഷിബ്ല. സൈബര്‍ ബുള്ളിയിങ് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതെല്ലെന്നും എന്നാല്‍ ഹണി റോസിന്റെ കാര്യത്തില്‍ കാര്യങ്ങള്‍ അത്രയും നിഷ്‌കളങ്കമാണെന്ന് തോന്നുന്നില്ലെന്നും ഫറ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.

ഹണി റോസ് വളരെ ബുദ്ധിപരമായി, മെയില്‍ ഗെയ്‌സ്‌നെയും നാടിന്റെ ലൈംഗിക ദാരിദ്ര്യത്തേയും ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് ഫറ പറയുന്നു. വളരെ വള്‍ഗര്‍ ആയ ആംഗിളില്‍ എടുത്ത തന്റെ തന്നെ വീഡിയോകള്‍ റി ഷെയര്‍ ചെയ്യുന്നത് എന്ത് മാതൃകയാണ് നല്‍കുന്നതെന്ന് ഫറ ചോദിക്കുന്നു. സ്ത്രീകളെ അങ്ങേയറ്റം സെക്ഷ്വലൈസ് ചെയ്യുന്ന ഒരു ഇന്‍ഡസ്ട്രിയില്‍, അതിനെതിരെയുള്ള പോരാട്ടങ്ങളെ ഇത് തീര്‍ച്ചയായും ബാധിക്കും. ഹണി റോസിനെ കുറിച്ച്, പരസ്യമായോ, രഹസ്യമായോ 'ഇവര്‍ എന്താണ് ഈ കാണിക്കുന്നത് എന്ന് ചോദിക്കാത്തവര്‍ ഉണ്ടാകില്ലെന്നും ഫറ പറഞ്ഞു.


കുറിപ്പിന്റെ പൂര്‍ണരൂപം

സൈബര്‍ ബുള്ളിയിങ് ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. സോഷ്യല്‍ മീഡിയയില്‍ അസഭ്യ ഭാഷ ഉപയോഗിക്കുന്നതും, ബോഡി ഷെയ്മിങ് ചെയ്യുന്നതും, മറ്റൊരാളെ വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതും തെറ്റ് തന്നെയാണ്. അതിനെതിരായി മിസ് ഹണി റോസ് നടത്തുന്ന നിയമയുദ്ധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. പക്ഷെ 'എന്റെ മേഖല ഇതായത് കൊണ്ട്, ആളുകള്‍ സ്‌നേഹത്തോടെ വിളിക്കുന്നു, ഞാന്‍ പോയി ഉദ്ഘാടനം ചെയ്യുന്നു'-അത്രയും നിഷ്‌കളങ്കമാണ് കാര്യങ്ങള്‍ എന്ന് തോന്നുന്നില്ല.

മിസ്സ് ഹണി റോസ് വളരെ ബുദ്ധിപരമായി, മെയില്‍ ഗെയ്‌സ്‌നെയും ഈ നാടിന്റെ ലൈംഗിക ദാരിദ്ര്യത്തേയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വളരെ വള്‍ഗര്‍ ആയ ആംഗിളില്‍ എടുത്ത തന്റെ തന്നെ വീഡിയോകള്‍ റി ഷെയര്‍ ചെയ്യുന്നത് എന്ത് മാതൃകയാണ് നല്‍കുന്നത്?

സ്ത്രീകളെ അങ്ങേയറ്റം സെക്ഷ്വലൈസ് ചെയ്യുന്ന ഒരു ഇന്‍ഡസ്ട്രിയല്‍, അതിനെതിരെയുള്ള പോരാട്ടങ്ങളെ ഇത് തീര്‍ച്ചയായും ബാധിക്കും. മിസ്സ് ഹണി റോസിനെ കുറിച്ച്, പരസ്യമായോ, രഹസ്യമായോ 'ഇവര്‍ എന്താണ് ഈ കാണിക്കുന്നത്?' എന്ന് എങ്കിലും പരാമര്‍ശികാത്തവര്‍ ഈ കൊച്ച് കേരളത്തില്‍ ഉണ്ടോ? ഒരു സ്ത്രീ നടത്തുന്ന യുദ്ധം ഞാന്‍ കാണുന്നു!


ഒരു പക്ഷെ അവര്‍ കോണ്‍ഷ്യസ് ആയി ഒരു ട്രെന്‍ഡ് സെറ്റ് ചെയ്തതായിരിക്കില്ല, ഇന്‍ഫ്ളുവന്‍സ് ചെയ്യാന്‍ സര്‍വൈവല്‍ ആണ് അവര്‍ക്ക് ഉദ്ഘാടന പരിപാടികള്‍ എന്നും മനസിലാക്കുന്നു. ഉദേശിച്ചിട്ടുമുണ്ടാവില്ല. എന്നാല്‍ ഉദ്ദേശ്യത്തേക്കാള്‍ പ്രധാനം അതുണ്ടാക്കുന്ന സ്വാധീനമാണ്. ധാര്‍മികമായി ശരിയല്ലാത്തതൊന്നും പൊളിറ്റിക്കലായും ശരിയല്ല.

അശ്ലീല പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റം ചുമത്തിയാണ് ബോബിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതിനിടെ ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നല്‍കിയത് സഹികെട്ടതോടെയാണെന്ന് ഹണി റോസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. തനിക്കും കുടുംബവും വേണ്ടപ്പെട്ടവരുമുണ്ട്. നാല് മാസം മുന്‍പ് ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ഒരു ഉദ്ഘാടന ചടങ്ങില്‍ വെച്ചാണ് ബോബി ചെമ്മണ്ണൂര്‍ തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. ആ പരിപാടി കഴിഞ്ഞയുടനെ വീട്ടുകാരുമായി ഈ വിഷയം താന്‍ ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് മാനേജരെ വിളിച്ച് ബോബി ചെമ്മണ്ണൂരിന്റെ പെരുമാറ്റം മോശമായി എന്നും ഇനി ആ സ്ഥാപനവുമായി സഹകരിക്കാന്‍ താത്പര്യമില്ലെന്നും പറഞ്ഞിരുന്നു. പക്ഷെ അത് കഴിഞ്ഞും അദ്ദേഹം തന്റെ ശരീരത്തെ പറ്റി മോശമായ രീതിയില്‍ സംസാരിച്ചുകൊണ്ടിരുന്നു. ഇതോടെയാണ് കേസ് നല്‍കാന്‍ തീരുമാനിച്ചതെന്നും ഹണി പറഞ്ഞിരുന്നു.


പൊതു വേദികളില്‍ മനഃപൂര്‍വം പിന്തുടര്‍ന്ന് ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ ഒരു വ്യക്തി അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് വ്യക്തമാക്കി ഹണി റോസ് രംഗത്തെത്തിയതോടെ വിഷയം വലിയ രീതിയില്‍ ചര്‍ച്ചയായി. സ്ത്രീത്വത്തെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളില്‍ തന്റെ പേര് ഉപയോഗിക്കുന്നുവെന്നും ഹണി റോസ് പറഞ്ഞിരുന്നു. എന്നാല്‍ വ്യക്തിയുടെ പേര് ഹണി പുറത്തുപറഞ്ഞിരുന്നില്ല. ബോബി ചെമ്മണ്ണൂരാണ് ആ വ്യക്തി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞു. ഹണി റോസ് പങ്കുവെച്ച പോസ്റ്റിന് താഴെ പലരും അശ്ലീല കമന്റുമായി എത്തി. ഇതോടെ കമന്റിട്ട മുപ്പതോളം പേര്‍ക്കെതിരെ ഹണി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Trending :
facebook twitter