ഇന്റർനെറ്റിൽ കുട്ടികളുടെ മോശം ദൃശ്യങ്ങൾ: ‘പ്രൊസ്യൂമേഴ്‌സ് ’ എണ്ണം കൂടുന്നു

09:55 AM Oct 14, 2025 |


കൊച്ചി: ഇന്റർനെറ്റിൽ കുട്ടികളുടെ മോശം ദൃശ്യങ്ങളും വീഡിയോകളും വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ‘പ്രൊസ്യൂമേഴ്‌സി’ (പ്രൊഡ്യൂസേഴ്സ് കം കൺസ്യൂമേഴ്സ്)ന്റെ എണ്ണം ഇന്ത്യയിലും വർധിക്കുന്നു. ഡിജിറ്റൽ ഇടത്തെ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച്‌ പോലീസ് പുറത്തിറക്കിയ ജേണലിലാണ് ഈ വിവരം.

സാമൂഹികമാധ്യമങ്ങളിൽനിന്ന് കുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് എഐ ഫോട്ടോകളുണ്ടാക്കി ഇന്റർനെറ്റിൽ ഇടുന്ന കേസുകളിലും വർധനയുണ്ട്. ഇന്ത്യയിൽ പ്രായപൂർത്തിയാകാത്തവരുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഭവങ്ങൾ വർഷം 65 ശതമാനംവീതം കൂടുന്നതായി നാഷണൽ ക്രൈം റെക്കോഡ് ബ്യൂറോ വ്യക്തമാക്കുന്നു.

എഐ ഉള്ളടക്കമുള്ള ഇത്തരം ദൃശ്യങ്ങൾ നീക്കംചെയ്യണമെന്ന പരാതികൾ 210 ശതമാനം വർധിച്ചതായി ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്റർ (ഐ4സി) കണക്കുകളും വ്യക്തമാക്കുന്നു. കുട്ടികൾ ഉൾപ്പെടുന്ന സൈബർ കുറ്റകൃത്യ പരാതികളിൽ 12 ശതമാനവും (8400-ലധികം കേസുകളിൽ) മോർഫ്, ‘എഐ-ജനറേറ്റഡ്’ അല്ലെങ്കിൽ ‘ഡീപ്‌ഫേക്ക്’ ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികളാണെന്നതാണ് മറ്റൊരു വസ്തുത. പി-ഹണ്ടിന്റെ ഭാഗമായി കേരളത്തിൽ ആയിരക്കണക്കിന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കുട്ടികളെ ഇന്ത്യൻ സ്കൂൾ യൂണിഫോമിൽ ചിത്രീകരിച്ച സംഭവങ്ങളുമുണ്ട്. ഇന്ത്യയിൽ ഹോസ്റ്റ് ചെയ്ത ഹിന്ദിയിലും പ്രാദേശിക ഭാഷകളിലുമായി വിവിധ സാമൂഹികമാധ്യമ ചാനലുകൾ എഐയിൽ നിർമിച്ച ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഈ സ്ഥിതി ഗുരുതരമാകുന്ന സാഹചര്യത്തിൽ നിരീക്ഷണത്തിനും നടപടികൾക്കുമായി പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.