ഇന്ത്യ – പാക് സംഘർഷം ‘അടിസ്ഥാനപരമായി ഞങ്ങളുടെ കാര്യമല്ല’ എന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. ഇന്ത്യക്കാരോട് ആയുധം താഴെ വയ്ക്കാൻ അമേരിക്കയ്ക്ക് പറയാനാവില്ല, അതിനാൽ നയതന്ത്ര മാർഗങ്ങളിലൂടെ ഞങ്ങൾ ഇക്കാര്യങ്ങൾ തുടരുമെന്നാണ് വാൻസ് പറഞ്ഞത്.
രണ്ട് ആണവ ശക്തികൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ തീർച്ചയായും ആശങ്കയുണ്ട്. ഇന്ത്യയെയും പാകിസ്ഥാനെയും നിയന്ത്രിക്കാൻ യുഎസിന് കഴിയില്ല. എന്നാൽ ആണവായുധങ്ങളുള്ള രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറയുന്നു. അതേസമയം, സംഘർഷങ്ങൾ സാധ്യമാകും വേഗത്തിൽ അവസാനിപ്പിക്കാൻ കഴിയണമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരുടെ നിലപാടെന്നും വാൻസ് കൂട്ടിച്ചേർത്തു. . ഇതൊരു ഒരു വലിയ യുദ്ധത്തിലേക്കോ ആണവ സംഘർഷത്തിലേക്കോ നീങ്ങില്ലെന്നാണ് പ്രതീക്ഷയെന്നും ദൈവം അതു വിലക്കട്ടെയെന്നും വാൻസ് കൂട്ടിച്ചേർത്തു. ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനു ശേഷം പാക്ക് പ്രകോപനം തുടരുന്നതിനിടെയാണ് യുഎസ് വൈസ് പ്രസിഡന്റിന്റെ പ്രസ്താവന പുറത്തു വരുന്നത്.