+

റഷ്യന്‍ എണ്ണ ഇറക്കുമതി കുറച്ച് ഇന്ത്യ ; കാരണം യുഎസിന്റെ സമ്മര്‍ദ്ദം ?

റഷ്യന്‍ എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനായി യുഎസില്‍ നിന്നും ഇന്ത്യയുടെ മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ട്.

ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഗണ്യമായ കുറവ് . ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8.4 ശതമാനമാണ് കുറവുണ്ടായിരിക്കുന്നത്. റഷ്യ നല്‍കിയിരുന്ന വിലക്കിഴിവുകളിലെ കുറവും വിതരണത്തിലെ പ്രതിസന്ധിയുമാണ് ഇതിന് പ്രധാന കാരണം. ഇതോടെ രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകള്‍ മിഡില്‍ ഈസ്റ്റില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള എണ്ണയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ (ഏപ്രില്‍ 1 മുതല്‍ സെപ്റ്റംബര്‍ വരെ) ഇന്ത്യ പ്രതിദിനം 1.75 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയാണ് ഇറക്കുമതി ചെയ്തത്. സെപ്റ്റംബറിലെ കണക്കനുസരിച്ച് ഇത് പ്രതിദിനം 1.6 ദശലക്ഷം ബാരലായി കുറഞ്ഞു, ഇത് ഓഗസ്റ്റിലെ അളവിന് തുല്യമാണെങ്കിലും, കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 14.2 ശതമാനം കുറവാണ്.

റഷ്യന്‍ എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനായി യുഎസില്‍ നിന്നും ഇന്ത്യയുടെ മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ട്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള താരിഫ് അമേരിക്ക ഇരട്ടിയാക്കുകയും ചെയ്തിരുന്നു. റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങുന്നത് യുക്രെയ്‌നിലെ യുദ്ധത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിന് തുല്യമാണെന്നാണ് യുഎസ് നിലപാട്. റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറയ്ക്കുന്നത് ഇന്ത്യയുടെ താരിഫ് നിരക്ക് പുന:പരിശോധിക്കുന്നതിനും വ്യാപാര കരാര്‍ ഉറപ്പിക്കുന്നതിനും നിര്‍ണായകമാണെന്ന് യു.എസ്. വ്യക്തമാക്കിയിട്ടുണ്ട്.

facebook twitter