ഇന്ത്യക്ക് മേല്‍ യുഎസ് ഉയര്‍ന്ന താരിഫുകള്‍ ഏര്‍പ്പെടുത്താന്‍ കാരണം റഷ്യന്‍ എണ്ണയല്ല എന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍. ഇന്ത്യ -പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ കാരണം താനാണെന്ന ട്രംപിന്റെ വാദം ഇന്ത്യ അംഗീകരിക്കാത്തതാണ് കാരണമെന്നും പാകിസ്താന്‍ ഈ വിഷയത്തില്‍ അറിഞ്ഞുകളിക്കുകയാണ് ചെയ്തത് എന്നും രഘുറാം രാജന്‍ പറഞ്ഞു.
സൂറിച്ച് സര്‍വകലാശാലയിലെ യുബിഎസ് സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ഇന്‍ സൊസൈറ്റി സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു രഘുറാം രാജന്റെ ഈ നിരീക്ഷണം. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതല്ല അമേരിക്ക താരിഫുകള്‍ ഏര്‍പ്പെടുത്താന്‍ കാരണമെന്നും ഇന്ത്യ പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന ട്രംപിന്റെ വാദം അംഗീകരിക്കാത്തതാണ് കാരണമെന്നാണ് താന്‍ കരുതുന്നതെന്നുമാണ് രഘുറാം രാജന്‍ പറഞ്ഞത്. പാകിസ്താന്‍ ഈ വിഷയത്തില്‍ അറിഞ്ഞുകളിച്ചുവെന്നും യഥാര്‍ത്ഥ പ്രശ്‌നം വൈറ്റ് ഹൗസിലെ ചില വ്യക്തിത്വങ്ങളുടേതാണെന്നും രഘുറാം രാജന്‍ പറഞ്ഞു. ഹംഗറി എണ്ണ വാങ്ങുന്നതിനെ അവര്‍ അനുകൂലിക്കുകയാണ് ചെയ്യുന്നത് എന്നും അതിനാല്‍ ഇന്ത്യ ട്രംപിനെ കൈകാര്യം ചെയ്ത രീതിയാണ് പ്രശ്‌നമായത് എന്നും രഘുറാം രാജന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ രണ്ട് രാജ്യങ്ങളും ചേര്‍ന്നുള്ള ധാരണ എന്നാണ് വെടിനിര്‍ത്തലിന് കാരണമായി പറഞ്ഞത്. സത്യം ഈ രണ്ടിനുമിടയില്‍ എവിടെയോ ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഫലമായി പാകിസ്താന് 19% താരിഫും, ഇന്ത്യക്ക് 50% താരിഫും ലഭിച്ചെന്നും രഘുറാം രാജന്‍ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുത്തത് താനെണെന്ന് ട്രംപ് നിരന്തരം അവകാശപ്പെട്ടിരുന്നു. പാകിസ്താന്‍ ഈ വാദത്തെ അംഗീകരിച്ചപ്പോള്‍ ഇന്ത്യ എതിര്‍ക്കുകയാണ് ചെയ്തത്.