ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനെതിരെ നടപടികൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറച്ചിരിക്കുകയാണ് ഇന്ത്യ. ചെനാബ് നദിയിലെ ബഗ്‌ലിഹാർ അണക്കെട്ടിന്റെ ഷട്ടറാണ് ഇന്ത്യ താഴ്ത്തിയത്.
ഇന്ത്യയുടെ ഈ നീക്കം പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയെ നേരിട്ട് ബാധിക്കും. പഞ്ചാബ് പ്രവിശ്യയിലെ കാർഷിക പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നത് ബഗ്‌ലിഹാറിൽനിന്നുള്ള ജലമാണ്. ഝലം നദിയിലെ കിഷൻഗംഗ അണക്കെട്ടിന്റെ ഷട്ടറും ഇന്ത്യ താഴ്ത്തിയേക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തുടർച്ചയായ പത്താംദിവസവും രാത്രി, പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് വെടിയുതിർത്തു. കുപ്‌വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ധർ, നൗഷേര, സുന്ദർബനി, അഖ്‌നൂർ പ്രദേശങ്ങളിലാണ് വെടിവയ്പ്പുണ്ടായത്. പാക് നടപടിക്ക് തക്ക മറുപടി നൽകിയതായി കരസേന അറിയിച്ചു. പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, മുൻ മന്ത്രി ബിലാവൽ ഭൂട്ടോ എന്നിവരുടെ എക്സ് അക്കൗണ്ടുകൾ ഇന്ത്യയിൽ വിലക്കി.