സി.വി. ഷിബു
കൽപ്പറ്റ: അണ്ടർ 19 ഏഷ്യാ കപ്പ് ഇന്ത്യക്ക്. ആദ്യ വിക്കറ്റ് നേടി വയനാട്ടുകാരിയായ വി.ജെ.ജോഷിതയുടെ അഭിമാന നേട്ടം. ഹോട്ടൽ ജീവനക്കാരനായ കൽപ്പറ്റ മൈതാനി ഗ്രാമത്തുവയൽ വെള്ളാച്ചിറ ജോഷിയുടെയും ശ്രീജയുടെയും രണ്ടാമത്തെ മകളായ വി.ജെ. ജോഷിതയിലൂടെ വയനാടിനൊരു ക്രിസ്തുമസ് സമ്മാനമാണ് ലഭിച്ചിട്ടുള്ളത്.
രണ്ട് വയസ്സുള്ളപ്പോൾ കൽപ്പറ്റ പള്ളിത്താഴെ റോഡിൽ മുതിർന്ന കുട്ടികൾക്കൊപ്പം കളിക്കാനിറങ്ങിയാണ് തുടക്കം. 'മുണ്ടേരി സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ക്രിക്കറ്റ് കോച്ച് അമൽ ആണ് ആദ്യമായി ജോഷിതയെ ക്രിക്കറ്റ് പരിശീലനത്തിന് പോകാൻ നിർബന്ധിച്ചത്.
കൃഷ്ണഗിരി സ്റ്റേഡിയത്തിൽ വടകര മേമുണ്ട സ്കൂളിലെ കായികാധ്യാപിക ടി. ദീപ്തിയും ക്രിക്കറ്റ് കോച്ച് ജസ്റ്റിൻ ഫെർണാണ്ടസുമാണ് ക്രിക്കറ്റിൻ്റെ ബാലപാഠങ്ങൾ മുതൽ ഇക്കാലമത്രയും പരിശീലിപ്പിച്ചത്. അണ്ടർ 16 ആണ് ആദ്യമായി കേരളത്തിന് വേണ്ടി കളിച്ചത്. നിരവധി മത്സരങ്ങളിൽ കളിച്ചിട്ടുള്ള ജോഷിതയുടെ ചലഞ്ചർ ട്രോഫിക്കു വേണ്ടിയുള്ള കളിയിലെ മികവിലൂടെയാണ് ഇന്ത്യൻ ടീമിലേക്കെത്തുന്നത്.
അണ്ടർ 19 ൽ കഴിഞ്ഞ വർഷം കേരള ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ജോഷിത ആദ്യം ത്രിരാഷ്ട്ര ടൂർണ്ണമെൻ്റിലേക്കും പിന്നീട് ഏഷ്യാ കപ്പിലേക്കും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് പത്ത് ലക്ഷം രൂപ പ്രതിഫലത്തിലാണ് ജോഷിതയെ ലേലത്തിലെടുത്തത്.
ലോകകപ്പിലേക്ക് സെലക്ഷൻ കാത്തിരിക്കെയാണ് ഏഷ്യാ കപ്പിൽ ജോഷിത മിന്നും പ്രകടനം കാഴ്ചവെച്ചത്. ബാറ്റിംഗിൽ അവസാന ഓവറിലാണ് ജോഷിത ഇറങ്ങിയതെങ്കിലും ബൗളിംഗിൽ രണ്ടാമതായി ഇറങ്ങി ഇന്ത്യക്ക് വേണ്ടി ആദ്യ വിക്കറ്റ് വീഴ്ത്തി. മകളുടെ നേട്ടത്തിൽ സന്തോഷവും അഭിമാനവുമുണ്ടന്ന് മാതാപിതാക്കളായ ജോഷിയും ശ്രീജയും പറഞ്ഞു. ഫൈനലിൽ ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാൻ ആദ്യ വിക്കറ്റ് നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടന്ന് കളിക്കളത്തിൽ നിന്നുള്ള വീഡിയോ സന്ദേശത്തിലൂടെ ജോഷിതയും പ്രതികരിച്ചു.