ഐഎംഎഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യത്തെ പിന്‍വലിച്ച് ഇന്ത്യ

07:32 AM May 04, 2025 | Suchithra Sivadas

അന്താരാഷ്ട്ര നാണയ നിധിയിലെ (ഐഎംഎഫ്) രാജ്യത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യത്തെ പിന്‍വലിച്ച് ഇന്ത്യ. പാകിസ്ഥാനുള്ള സാമ്പത്തിക സഹായം അവലോകനം ചെയ്യാനുള്ള ഐഎംഎഫ് യോഗം ചേരാനിരിക്കെയാണ് നടപടി. ഈ മാസം ഒന്‍പതിനാണ് ബോര്‍ഡ് യോഗം ചേരുക. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയില്‍ ഇനിയും ആറ് മാസം കാലാവധി ശേഷിക്കെയാണ് സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം.  

'അന്താരാഷ്ട്ര നാണയ നിധിയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഇന്ത്യ) സ്ഥാനത്ത് നിന്ന് ഡോ. കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യനെ ഉടന്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തില്‍ പിരിച്ചുവിടാന്‍ കാബിനറ്റ് നിയമന സമിതി (എസിസി) അംഗീകാരം നല്‍കി'- എന്നാണ് ഏപ്രില്‍ 30-ന് പുറത്തിറക്കിയ എസിസിയുടെ ഉത്തരവില്‍ പറയുന്നത്.

2018 മുതല്‍ 2021 വരെ ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ഡോ കെ സുബ്രഹ്‌മണ്യന്‍ സേനവമനുഷ്ഠിച്ചിട്ടുണ്ട്. 2022 ഓഗസ്റ്റിലാണ് ഐഎംഎഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി സര്‍ക്കാര്‍ അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തത്. 2022 നവംബര്‍ 1-ന് ഐഎംഎഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു. ഈ വര്‍ഷം നവംബറില്‍ കാലാവധി തീരാന്‍ ഇരിക്കെയാണ് സര്‍ക്കാര്‍ അദ്ദേഹത്തെ പിന്‍വലിച്ചത്.