അമേരിക്കൻ ഡിമാൻഡ് ; ഇന്ത്യയിലെ ഐഫോൺ നിർമ്മാണം കുതിക്കുന്നു

08:36 PM May 10, 2025 |


ദില്ലി: അമേരിക്കയിൽ നിന്നുള്ള കൂടിവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ആപ്പിൾ ഇന്ത്യയിൽ ഐഫോൺ ഉത്പാദനം അതിവേഗം വർധിപ്പിക്കുകയാണെന്ന് റിപ്പോർട്ട്. ഈ സാമ്പത്തിക വർഷത്തിലെ ജൂൺ പാദത്തിൽ ഇന്ത്യയിൽ നിന്ന് 12 മുതൽ 14 ബില്യൺ ഡോളർ വരെ വിലമതിക്കുന്ന ഐഫോണുകൾ വിതരണം ചെയ്യാനുള്ള നീക്കത്തിലാണ് ആപ്പിൾ ഇപ്പോൾ. അതിനാൽ യുഎസിലേക്കുള്ള ഐഫോണുകളിൽ ഭൂരിഭാഗവും ആദ്യമായി ഇന്ത്യൻ ഫാക്ടറികളിൽ നിന്ന് ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അമേരിക്കയിലേക്കുള്ള ഐഫോണുകളിൽ ഭൂരിഭാഗവും വിതരണം ചെയ്യാൻ ഇന്ത്യൻ ഫാക്ടറികൾ തയ്യാറാണ്. ആപ്പിളിൻറെ വിതരണ ആവശ്യകതകൾ നിറവേറ്റാൻ ഇന്ത്യയിലെ പങ്കാളികളായ ടാറ്റ ഇലക്ട്രോണിക്‌സും ഫോക്‌സ്‌കോണും ഇപ്പോൾ മികച്ച നിലയിൽ പ്രവർത്തിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ ഈ മുന്നേറ്റം തുടർന്നാൽ, 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയ്ക്ക് ഏകദേശം 40 ബില്യൺ ഡോളർ മൂല്യമുള്ള ഐഫോണുകൾ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് വിശകലന വിദഗ്ധർ കണക്കാക്കുന്നു. ഈ ഉൽപ്പാദനത്തിൻറെ 80 ശതമാനവും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിനാണ് എന്നാണ് റിപ്പോർട്ടുകൾ.
2024 ഏപ്രിൽ-ജൂൺ പാദത്തിൽ 11 ദശലക്ഷത്തിലധികം ഐഫോണുകൾ വിറ്റു എന്നും ശരാശരി വിൽപ്പന വില (ASP) 1,100 ഡോളർ ആയിരുന്നു എന്നും ഒരു വിശകലന വിദഗ്ദ്ധൻ പറഞ്ഞു. അതായത് മൂല്യം 12.1 ബില്യൺ ഡോളർ ആയിരുന്നു എന്നാണ് കണക്കുകൾ. സ്ഥിരമായ ഡിമാൻഡ് കണക്കിലെടുക്കുമ്പോൾ ഈ കണക്ക് ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുകെ, ജപ്പാൻ, യൂറോപ്പ് തുടങ്ങിയ വിപണികൾക്കായി നിർമ്മിച്ച ഐഫോണുകൾ ആപ്പിൾ ഇപ്പോൾ അമേരിക്കൻ വിപണിയിലേക്ക് വഴിതിരിച്ചുവിടാൻ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് യുഎസ് തീരുവ വർധിപ്പിച്ചതിൻറെ പ്രതികരണമായാണ് ഈ മാറ്റം.
2024-ൽ ആപ്പിൾ ഇന്ത്യയിൽ 40–45 ദശലക്ഷം ഐഫോണുകൾ നിർമ്മിച്ചിരുന്നു. ഇത് ആഗോള ഉൽപ്പാദനത്തിൻറെ ഏകദേശം 18 മുതൽ 20 ശതമാനം വരെ പ്രതിനിധീകരിക്കുന്നു. ഇതിൽ ഏകദേശം 14–15 ദശലക്ഷം യുഎസിലും, 13 ദശലക്ഷം മറ്റ് വിപണികളിലും, 12 ദശലക്ഷം ആഭ്യന്തര വിപണിയിലും വിറ്റു. വർധിച്ചുവരുന്ന കയറ്റുമതി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്, ആപ്പിളിന് ഇന്ത്യയിലെ ഐഫോൺ ഉത്പാദനം നിലവിലെ 22 ബില്യൺ ഡോളറിൽ നിന്ന് കുറഞ്ഞത് 32–35 ബില്യൺ ഡോളറായി ഉയർത്തേണ്ടതുണ്ട്. അതേസമയം 5–8 ബില്യൺ ഡോളർ മൂല്യമുള്ള പ്രാദേശിക ആവശ്യം നിറവേറ്റുകയും വേണം