കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായി ഇന്ത്യക്കാര്‍

02:21 PM Jul 22, 2025 | Suchithra Sivadas

ഈ വര്‍ഷം ആദ്യ പകുതിയോടെ കുവൈത്തിന്റെ ജനസംഖ്യ 5 ദശലക്ഷം കവിഞ്ഞതായി കണക്കുകള്‍. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ ആണ് കണക്കുകള്‍ പുറത്ത് വിട്ടത്. 5.098 ദശലക്ഷമാണ് നിലവിലെ ജനസംഖ്യ. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച രാജ്യത്തെ ജനസംഖ്യയെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ആകെ ജനസംഖ്യയുടെ 30 ശതമാനം പൗരന്മാരാണ്, ഇത് 1.55 ദശലക്ഷം വരും.
ജനസംഖ്യയുടെ 17 ശതമാനം 15 വയസ്സില്‍ താഴെയുള്ളവരും, 80 ശതമാനം 15-നും 64-നും ഇടയിലുള്ളവരും ആണ്. 65 വയസ്സിന് മുകളിലുള്ളവര്‍ ജനസംഖ്യയുടെ 3 ശതമാനം മാത്രമാണ്. കുവൈത്തിലെ പ്രവാസി സമൂഹങ്ങളില്‍ ഏറ്റവും വലുത് ഇന്ത്യന്‍ സമൂഹമാണ്. ആകെ 1.036 ദശലക്ഷം ആളുകളുള്ള ഇന്ത്യന്‍ സമൂഹം മൊത്തം ജനസംഖ്യയുടെ 29 ശതമാനം വരും. 661,318 പേരുമായി ഈജിപ്തുകാര്‍ രണ്ടാം സ്ഥാനത്താണ്. ഇത് ജനസംഖ്യയുടെ 19 ശതമാനം ആണ്. രാജ്യത്തെ ആകെ താമസക്കാരുടെ എണ്ണം 3.547 ദശലക്ഷമാണ്. ഇത് മൊത്തം ജനസംഖ്യയുടെ 70 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. കണക്കുകള്‍ പ്രകാരം കുവൈത്തിലെ ജനസംഖ്യയുടെ 61 ശതമാനം പുരുഷന്മാരാണ്, ആകെ 3.09 ദശലക്ഷം പുരുഷന്മാരുണ്ട്. അതേസമയം സ്ത്രീകളുടെ എണ്ണം 2 ദശലക്ഷമാണ്. 35-39 വയസ്സ് പ്രായക്കാര്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ശതമാനം പ്രതിനിധീകരിക്കുന്നു, ഇത് മൊത്തം ജനസംഖ്യയുടെ 13 ശതമാനം ആണ്.