+

ഞാൻ വിശ്വസിച്ച ദൈവം എന്നെ കൈവിട്ടില്ല'; കാന്താര ചിത്രീകരണം പൂർത്തിയായി

റിഷഭ് ഷെട്ടിയുടെ സംവിധാനത്തിലെത്തി വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കുറഞ്ഞ മുതല്‍ മുടക്കില്‍ തീര്‍ത്ത് ചരിത്രവിജയം കൊയ്ത കന്നഡ സിനിമക്ക് സ്വാഭാവികമായും ഒരു രണ്ടാം ഭാഗം ആലോചിക്കുന്നതില്‍ അണിയറപ്രവര്‍ത്തകരെ തെറ്റ് പറയാനാവില്ല
റിഷഭ് ഷെട്ടിയുടെ സംവിധാനത്തിലെത്തി വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കുറഞ്ഞ മുതല്‍ മുടക്കില്‍ തീര്‍ത്ത് ചരിത്രവിജയം കൊയ്ത കന്നഡ സിനിമക്ക് സ്വാഭാവികമായും ഒരു രണ്ടാം ഭാഗം ആലോചിക്കുന്നതില്‍ അണിയറപ്രവര്‍ത്തകരെ തെറ്റ് പറയാനാവില്ല. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. ശേഷം കാന്താരയുടെ പ്രീക്വലായ കാന്താര ചാപ്റ്റർ 1 ന്റെ ചിത്രീകരണവും ആരംഭിച്ചു. മൂന്ന് വർഷത്തിന് ശേഷം സിനിമയുടെ ചിത്രീകരണം പൂർത്തിയായെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
സോഷ്യൽ മീഡിയയിൽ റിഷഭ് ഷെട്ടിയുടെ വോയിസ് ഓവറോട് കൂടിയ വിഡിയോ പങ്കുവെച്ചാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'ഞാൻ വിശ്വസിച്ച ദൈവം എന്നെ കൈവിട്ടില്ല' എന്നാണ് വിഡിയോയിൽ റിഷഭ് ഷെട്ടി പറയുന്നത്. വലിയ കാൻവാസിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണ ഭാഗവും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് വർഷത്തിൽ 250 ദിവസത്തെ ചിത്രീകരണമാണ് സിനിമക്ക് ഉണ്ടായിരുന്നത്. ഇതിനിടയിൽ നിരന്തര അപകടങ്ങളും സിനിമയെ വിടാതെ പിന്തുടർന്നിരുന്നു.
സൗപര്‍ണികാ നദിയില്‍ കുളിക്കാന്‍ പോയ ഒരു ചലച്ചിത്രപ്രവര്‍ത്തകന്‍ മുങ്ങി മരിക്കുന്നു, കന്നഡയിലെ ഒരു ഹാസ്യതാരം ഹൃദയാഘാതം മൂലം മരിക്കുന്നു. മൂന്നാമത് മരിച്ച മലയാളിക്കും ഹൃദയസ്തംഭനമായിരുന്നു. അതിനു മുമ്പും അപകട പരമ്പരകളുടെ കുത്തൊഴുക്കു നടന്നു. 20 പേര്‍ സഞ്ചരിച്ച ഒരു വാന്‍ അപകടത്തില്‍ പെടുന്നു. നായകന്‍ ഉള്‍പ്പെടെ സഞ്ചരിച്ച ബോട്ട് മറിയുന്നു. അതിനിടയില്‍ ഷൂട്ട് നടക്കുന്ന ഗ്രാമവാസികളും സിനിമാ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുന്നു. സിനിമയുടെ ചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന ഘട്ടം വരെയെത്തി കാര്യങ്ങള്‍. അടിക്കടിയുള്ള മരണങ്ങളും അപകടങ്ങളും സിനിമക്ക് പിന്നിലുളളവരെ മാത്രമല്ല പൊതുസമൂഹത്തെ പോലും തളര്‍ത്തിയിരുന്നു.
കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. അതേസമയം 150 കോടി ബഡ്ജറ്റിലാണ് കാന്താര ചാപ്റ്റർ 1 ഒരുങ്ങുന്നത്. ഒക്ടോബർ രണ്ടിനാണ് ചിത്രം തിയറ്ററിലെത്തുന്നത്. ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ നടൻ ജയറാമും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്
facebook twitter