ഇന്ത്യ-പാക് സംഘർഷം; അടിയന്തര സാഹചര്യങ്ങളിൽ ഫോണുകൾ വഴി എമർജൻസി അലർട്ട് വീണ്ടും പരീക്ഷിച്ചേക്കും

11:08 AM May 10, 2025 | Kavya Ramachandran

ഇന്ത്യ പാക്ക് സംഘർഷത്തിൽ ഏത് സാഹചര്യം വന്നാലും അത് നേരിടാൻ ജനങ്ങളെ പ്രാപ്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. അതിന്റെ ഭാഗമായി രാജ്യത്തുടനീളം മോക്ക് ഡ്രില്ലുകൾ നടത്തിയിരുന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആശുപത്രികളോട് തയ്യാറായിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം രാജ്യത്ത് ഉപയോഗത്തിലുള്ള സ്മാർട്‌ഫോണുകൾ വഴിയുള്ള സെൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം വീണ്ടും പരീക്ഷിക്കാനൊരുങ്ങുകയാണ് സർക്കാർ.

അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്ക് അറിയിപ്പുകൾ നൽകുന്നതിനായി അവതരിപ്പിച്ച ഈ സംവിധാനം ഉപയോഗിച്ച് ഉച്ചത്തിലുള്ള ബീപ്പ് ശബ്ദത്തോടുകൂടിയുള്ള ഫ്‌ളാഷ് സന്ദേശം ഫോണുകളിൽ ലഭിക്കും. ഭൂകമ്പം, സുനാമി, പ്രളയം തുടങ്ങിയ ദുരന്ത സാഹചര്യങ്ങൾ നേരിടുന്നതിന് വേണ്ടിയാണ് ഈ സംവിധാനം അവതരിപ്പിച്ചത്. 2023 ലും 2024ലും രാജ്യത്തുടനീളം ഈ ഫീച്ചർ പരീക്ഷിച്ചിരുന്നു.

സമാനമായി വീണ്ടും സർക്കാർ സെൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിക്കും. ഇത് ഒരു പരീക്ഷണമാണെന്ന് വിശദീകരിച്ചുകൊണ്ടുള്ള സന്ദേശമായിരിക്കും ഫോണിൽ ലഭിക്കുക. യുദ്ധത്തിലേക്ക് നീങ്ങുമ്പോൾ അടിയന്തിര സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിന് ജനങ്ങൾക്ക് അറിയിപ്പ് നൽകുന്നതിനാവും ഈ സംവിധാനം ഉപയോഗിക്കുക.

അലർട്ട് ഫോണിൽ ലഭിക്കാൻ എന്ത് ചെയ്യണം

ആൻഡ്രോയിഡ് ഫോണുകളിൽ

    സെറ്റിങ്‌സ് തുറക്കുക
    താഴേക്ക് സ്‌ക്രോൾ ചെയ്ത് സേഫ്റ്റി ആന്റ് എമർജൻസി ഓപ്ഷൻ തിരഞ്ഞെടുക്കുക.
    വയർലെസ് എമർജൻസ് അലർട്ട് തിരഞ്ഞെടുക്കുക.
    എല്ലാ അലർട്ട് ഓപ്ഷനുകളും ഓൺ ആക്കുക. 

ഐഫോണിൽ

    സെറ്റിങ്‌സ് തുറക്കുക
    നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക
    താഴേക്ക് സ്‌ക്രോൾ ചെയ്താൽ 'ഗവൺമെന്റ് അലേർട്ട്‌സ്' എന്ന് കാണാം.
    ടെസ്റ്റ് അലേർട്ട് ടോഗിൾ ഓൺ ചെയ്യുക.