+

'ഇന്ത്യക്കൊപ്പം' പുടിൻ; ഇന്ത്യ സന്ദർശിക്കാനുള്ള മോദിയുടെ ക്ഷണവും സ്വീകരിച്ചു

പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ സംസാരിച്ചു. ഭീകരതയ്ക്കെതിരെ  ഇന്ത്യയുടെ പോരാട്ടത്തിൽ പിന്തുണ പ്രഖ്യാപിച്ച പുടിൻ, മോദിയുമായി ഫോണിൽ വിശദമായി സംസാരിച്ചു

മോസ്കോ: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ സംസാരിച്ചു. ഭീകരതയ്ക്കെതിരെ  ഇന്ത്യയുടെ പോരാട്ടത്തിൽ പിന്തുണ പ്രഖ്യാപിച്ച പുടിൻ, മോദിയുമായി ഫോണിൽ വിശദമായി സംസാരിച്ചു. വിഷയത്തിൽ ഇന്ത്യക്ക് എല്ലാ പിന്തുണയും പുടിൻ വാഗ്ദാനം ചെയ്തു. 

ഹീനമായ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും ഇതിനെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പുടിൻ ആവശ്യപ്പെട്ടു. പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല, ഇന്ത്യ സന്ദർശിക്കാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണവും വ്ളാദിമിർ പുടിൻ സ്വീകരിച്ചു. വർഷാവസാനം ഇന്ത്യയിൽ നടക്കുന്ന വാർഷിക ഉച്ചകോടിയിലേക്കാണ് മോദി പുടിനെ ക്ഷണിച്ചത്. എന്നാകും പുടിന്‍റെ ഇന്ത്യ സന്ദർശനമെന്ന കാര്യത്തിൽ പിന്നീടാകും തീരുമാനം.

ഇന്ത്യ - റഷ്യ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും ഇന്നത്തെ ചർച്ചയിൽ ആവർത്തിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനിക്കെതിരായ വിജയത്തിന്‍റെ 80 -ാം വാർഷികാഘോഷത്തിൽ പ്രസിഡന്റ് പുടിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു. നേരത്തെ രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 9 ന് നടക്കാനിരിക്കുന്ന വിക്ടറി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാനായുള്ള റഷ്യന്‍ യാത്ര റദ്ദാക്കിയിരുന്നു. 

facebook twitter